തൃശൂർ: തൃശൂർപൂരം അലങ്കോലമാക്കൽ ഗൂഢാലോചന ആരോപണത്തിൽ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയെ പോലീസ് ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തി. തിരുവനന്തപുരത്ത് വെച്ച് അതീവ രഹസ്യമായിട്ടാണ് ചോദ്യം ചെയ്യൽ നടന്നത്. എഡിജിപി എച്ച്.വെങ്കിടേഷിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ നടന്നത്.

ചടങ്ങുകൾ അലങ്കോലമായതിന്റെ പേരിൽ തിരുവമ്പാടി വിഭാഗം പൂരം നിർത്തിവച്ചതിനു പിന്നാലെ പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമവുമായി സുരേഷ് ഗോപി ആംബുലൻസിൽ വന്നിറങ്ങുന്നതിന്റെ ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു. മറ്റു വാഹനങ്ങൾക്കു പ്രവേശനമില്ലാതെ അടച്ചിട്ട മേഖലയിലേക്ക് ആംബുലൻസിൽ സുരേഷ് ഗോപിയെ എത്തിച്ചതിൽ ഗൂഢാലോചനയുണ്ടെന്ന് സിപിഐയും യുഡിഎഫും ആരോപണം ഉന്നയിച്ചിരുന്നു.


പൂരം അലങ്കോലപ്പെട്ടെന്ന് അറിയിച്ചത് ബിജെപി പ്രവർത്തകരാണ്. ഇവർ അറിയിച്ചതനുസരിച്ചാണ് താൻ സംഭവ സ്ഥലത്തേക്ക് എത്തിയതെന്നും സുരേഷ് ഗോപി മൊഴി നൽകിയതായാണ് വിവരം.























