ആലപ്പുഴ: മാന്നാറിലെ കൊലപാതകത്തില്‍ ഒന്നാം പ്രതി അനില്‍ കുമാര്‍ കലയുടെ മൃതദേഹം മറ്റൊരിടത്തേക്ക് മാറ്റിയെന്ന സംശയത്തില്‍ പൊലീസ്.

മൃതദേഹം ആദ്യം സെപ്റ്റിക് ടാങ്കില്‍ തള്ളിയ ഒന്നാംപ്രതി കൂട്ടുപ്രതികളറിയാതെ മൃതദേഹം ഇവിടെനിന്ന് മാറ്റിയോ എന്നതാണ് അന്വേഷണസംഘത്തിന്റെ സംശയം. കലയുടെ മൃതദേഹം ആദ്യം ആറ്റില്‍ കളയാനാണ് പ്രതികള്‍ തീരുമാനിച്ചത്. ഇതിനായിട്ടാണ് വലിയ പെരുമ്ബുഴ പാലത്തിനടുത്ത് മൃതദേഹം കാറില്‍ എത്തിച്ചതെന്നു പോലീസ് കരുതുന്നു. എന്നാല്‍ സാഹചര്യം അനുകൂലമല്ലാത്തതിനാല്‍ മൃതദേഹം ആറ്റിലുപേക്ഷിച്ചില്ല. പിന്നീട് മൃതദേഹം വീട്ടിലെത്തിച്ച് സെപ്റ്റിക് ടാങ്കില്‍ ഉപേക്ഷിക്കുകയായിരുന്നു.


പക്ഷേ ഈ സെപ്റ്റിക് ടാങ്കില്‍ നിന്നും അനില്‍ മറ്റാരുമറിയാതെ മൃതദേഹം മാറ്റിയിരിക്കാമെന്നാണ് പോലീസിന്റെ നിഗമനം. 15 വര്‍ഷത്തിനിടെ രണ്ട് തവണ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കിയിരുന്നുവെന്നതിനാലാണ് പോലീസ് ഇത്തരത്തില്‍ കരുതുന്നത്.
ചെങ്ങന്നൂര്‍ ഡിവൈഎസ്പി നേതൃത്വം നല്കുന്ന പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയില്‍ ഉള്ള മൂന്ന് പ്രതികളെയും ചോദ്യം ചെയ്യുകയാണ്. എങ്ങനെ കൊലപാതകം നടത്തി എന്ന കാര്യത്തില്‍ പ്രതികള്‍ നല്കുന്ന മൊഴികളില്‍ ഇപ്പോഴും വൈരുധ്യം തുടരുന്നുണ്ട്.
മൃതദേഹം എവിടെ എന്ന കാര്യത്തില്‍ കൃത്യമായി വിവരം അറിയാവുന്നത് അനിലിനാണെന്ന് പോലീസ് കരുതുന്നു. അനിലിനെ നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. കേസില്‍ മറ്റ് പ്രതികള്‍ അറസ്റ്റിലായതറിഞ്ഞ് രക്തസമ്മര്‍ദം കൂടിയ ഇയാള്‍ ഇസ്രയേലിലെ ആശുപത്രിയില്‍ ചികിത്സയിലാണെന്ന് വിവരമുണ്ട്. മൂന്ന് പ്രതികളുടെയും കസ്റ്റഡി കാലാവധി തീരുന്നതിന് മുമ്ബ് അനിലിനെ നാട്ടിലെത്തിച്ചാല്‍ ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനാകുമെന്നാണ് പോലീസ് കരുതുന്നത്.























