പ്രശസ്ത തമിഴ് സംവിധായകൻ ഭാരതിരാജയുടെ മകനും നടനുമായ മനോജ് ഭാരതിരാജയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് സിനിമാ ലോകം. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. കഴിഞ്ഞ ആഴ്ച ബൈപാസ് ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. മനോജിന്റെ ഭാര്യ മലയാളിയും നടിയുമായ നന്ദന(അശ്വതി)യാണ്. കോഴിക്കോട് സ്വദേശിയാണ് നന്ദന. ഒരു തമിഴ് ചിത്രത്തിൽ അഭിനയിക്കുന്നതിനിടെയാണ് ഇരുവരും പ്രണയത്തിലായതും പിന്നീട് വിവാഹിതരായതും. 2006 ഡിസംബറിലായിരുന്നു വിവാഹം.

അർഷിത, മതിവതാനി എന്നിങ്ങനെ രണ്ടു മക്കളാണ് ദമ്പതികൾക്കുള്ളത്. സ്നേഹിതൻ, സ്വപ്നം കൊണ്ട് തുലാഭാരം, സേതുരാമയ്യർ സിബിഐ, ചതിക്കാത്ത ചന്തു തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ നടിയാണ് നന്ദന. നാലോളം തമിഴ് ചിത്രങ്ങളിലും നന്ദന അഭിനയിച്ചിട്ടുണ്ട്. വിവാഹശേഷം അഭിനയത്തോട് വിട പറയുകയായിരുന്നു. ഭാരതിരാജ സംവിധാനം ചെയ്ത താജ് മഹൽ എന്ന സിനിമയിലൂടെയായിരുന്നു അരങ്ങേറ്റം. പ്രമുഖ സംവിധായകരായ മണിരത്നത്തിന്റെയും ഷങ്കറിന്റെയും അസിസ്റ്റൻറ് ഡയറക്ടറായിരുന്നു. 2023ൽ മാർഗഴി തിങ്കൾ എന്ന സിനിമയിലൂടെ സംവിധായകനായി അരങ്ങേറി.

























