മുൻഭാര്യയായ ഉർവശിയെക്കുറിച്ച് സംസാരിക്കുമ്പോൾ തൊണ്ടയിടറി നടൻ മനോജ് കെ ജയൻ. ഇരുവരുടെയും മകളായ കുഞ്ഞാറ്റ എന്ന തേജലക്ഷ്മി ആദ്യമായി നായികയാകുന്ന ‘സുന്ദരിയായവൾ സ്റ്റെല്ല’ എന്ന ചിത്രത്തിന്റെ പ്രസ് മീറ്റിലാണ് നടൻ കണ്ണു നിറഞ്ഞ് തന്റെ മുൻജീവിതപങ്കാളിയെക്കുറിച്ചു സംസാരിച്ചത്. മകൾ കുഞ്ഞാറ്റയാണ് അച്ഛനെ കൈപിടിച്ച് ആശ്വസിപ്പിച്ചത്. മകളുടെ സിനിമാ മോഹം അറിയിച്ചപ്പോൾ അമ്മ ഉർവശിയെ അറിയിക്കണമെന്നാണ് ആദ്യം പറഞ്ഞതെന്നും ഇത്തരം കാര്യങ്ങളിൽ താൻ അൽപം ഇമോഷണൽ ആണെന്നും മനോജ് കെ ജയൻ പറഞ്ഞു.

രണ്ട് വർഷം മുമ്പാണ് അവൾ എന്നോട് സിനിമയിൽ അഭിനയിക്കണമെന്ന ആഗ്രഹം പറഞ്ഞത്. ഭാര്യ ആശയോടാണ് അവൾ ആദ്യം പറഞ്ഞത്. ആശ അവളുടെ നല്ല സുഹൃത്ത് കൂടിയാണ്. എന്റെ ആഗ്രഹങ്ങൾ എന്തു തന്നെയായാലും മകൾക്ക് ഒരു ആഗ്രഹം ഉണ്ടെങ്കിൽ അത് നടത്തിക്കൊടുക്കുക എന്നതാണ് ഒരു പിതാവിന്റെ കടമ. അവൾ സിനിമയിൽ അഭിനയിക്കണമെന്ന ആഗ്രഹം എന്നോട് പറഞ്ഞപ്പോൾ അമ്മ ഉർവശിയെ ആദ്യം അറിയിക്കണമെന്നാണ് താൻ പറഞ്ഞത്. അതിന് ചെന്നൈ വരെ പോകേണ്ടി വന്നാലും കുഴപ്പമില്ല. അമ്മയുടെ അനുഗ്രഹമാണ് ആദ്യം വാങ്ങേണ്ടത്. അവർ ദക്ഷിണേന്ത്യയിലെ തന്നെ വലിയൊരു വേഴ്സറ്റൈൽ നടിയാണ്. അവൾ ചെന്നൈയിൽ പോയി അമ്മയുടെ അനുഗ്രഹം വാങ്ങി. വളരെ സന്തോഷത്തോടെയാണ് ഉർവശി അത് സമ്മതിച്ചതെന്നും മനോജ് കെ ജയൻ പറഞ്ഞു.

























