ബന്ധു അയച്ച ലൊക്കേഷൻ മാറി, മുഹൂർത്തത്തിന് വധു ഇരിട്ടിയിലും വരൻ എത്തിയത് വടകരയിലും

കണ്ണൂർ: മുഹൂർത്തം അടുത്തിട്ടും വരനും കൂട്ടരും എത്താഞ്ഞതോടെ വധു കാത്തുനിന്നത് മണിക്കൂറുകളോളം. മുഹൂർത്തം തെറ്റി മൂന്നുമണിക്കൂർ കഴിഞ്ഞെത്തിയാണ് വരൻ വരണമാല്യം അണിയിച്ചത്. ഇരിട്ടി സ്വദേശിനിയായ വധുവിന്റെ ബന്ധു തിരുവനന്തപുരത്തുകാരനായ വരന് അയച്ചുകൊടുത്ത ഗൂഗിൾ ലൊക്കേഷനാണ് പൊല്ലാപ്പായത്. വധുവിന്റെ ബന്ധു ഇരിട്ടി കീഴൂർ മഹാവിഷ്ണു ക്ഷേത്രത്തിന് പകരം വടകര പയ്യോളിയിലെ കീഴൂർ ശിവക്ഷേത്രത്തിന്റെ ലൊക്കേഷനാണ് അയച്ചുകൊടുത്തത്. ഇതോടെ മുഹൂർത്തത്തിന് താലികെട്ടൽ നടന്നില്ലെന്ന് മാത്രമല്ല ക്ഷേത്രത്തിലെ പൂജാരിക്ക് പകരം ക്ഷേത്രജീവനക്കാരനെ പരികർമിയാക്കേണ്ടിയും വന്നു.

വധുവിന്റെ ബന്ധു നൽകിയ ഗൂഗിൾ ലൊക്കേഷൻ അനുസരിച്ച് വരനും കുടുംബവും വടകര പയ്യോളിയിലെ കീഴൂർ ശിവക്ഷേത്രത്തിലാണ് എത്തിയത്. 10.30-നുള്ള മുഹൂർത്തത്തിലായിരുന്നു വിവാഹം നടക്കേണ്ടിയിരുന്നത്. സമയമായിട്ടും വരനെയും സംഘത്തെയും കാണാതെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ ഇപ്പോഴെത്തും എന്ന മറുപടിയാണ് കിട്ടിയത്. അൽപ്പസമയത്തിനുശേഷം വരനും സംഘവും അമ്പലത്തിൽ എത്തി.

എന്നാൽ എത്തിച്ചേർന്നത് വിവാഹം നടത്താൻ നിശ്ചയിച്ച അമ്പലത്തിലായിരുന്നില്ല. അവിടെ എത്തിയപ്പോൾ വധുവിനെയും ബന്ധുക്കളെയും കാണാതെ വന്നതോടെ ഫോൺ വിളിച്ച് ചോദിച്ചപ്പോഴാണ് അയച്ചുകൊടുത്തത് തെറ്റായ ഗൂഗിൾ ലൊക്കേഷൻ ആണ് എന്ന് തിരിച്ചറിഞ്ഞത് ‘ഞങ്ങളെത്തി നിങ്ങൾ എവിടെ’ എന്ന വരന്റെ സംഘത്തിന്റെ അന്വേഷണത്തിലാണ് വരനും വധുവും നിൽക്കുന്ന അമ്പലങ്ങൾ തമ്മിൽ 60-ലധികം കിലോമീറ്ററിന്റെ വ്യത്യാസം ഉണ്ടെന്ന് അറിയുന്നത്.

ക്ഷേത്രത്തിൽ പ്രത്യേകമായി മുഹൂർത്തം കാണേണ്ടതില്ലെന്നും വരനോട് എത്രയും വേഗമെത്താനും എത്ര വൈകിയായാലും വിവാഹം നടത്താമെന്നും പറഞ്ഞ് ക്ഷേത്രത്തിലെ മേൽശാന്തിയും ജീവനക്കാരും ചേർന്ന് ആശ്വസിപ്പിക്കുകയായിരുന്നു. ഒന്നരയോടെ വരൻ ക്ഷേത്രത്തിലെത്തുകയും ക്ഷേത്രം ജീവനക്കാരുടെ നേതൃത്വത്തിൽ നടയിൽവെച്ച് താലിചാർത്തുകയും ചെയ്തു. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു.