എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 9ന്

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 9ന് പ്രഖ്യാപിക്കുമെന്ന് മന്ത്രി വി ശിവൻ കുട്ടി. കൃത്യസമയത്ത് തന്നെ പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കുമെന്നും വിജയിക്കുന്ന എല്ലാവർക്കും അഡ്മിഷൻ നൽകാനാവുമെന്നും മന്ത്രി പറഞ്ഞു.

കേരളത്തിൽ 2964 കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ ഒൻപതും ഗൾഫ് മേഖലയിലെ ഏഴും കേന്ദ്രങ്ങളിലുമായി ആകെ 4,27,021 വിദ്യാർഥികളാണ് റഗുലർ വിഭാഗത്തിൽ പരീക്ഷ എഴുതിയതെന്ന് മന്ത്രി പറഞ്ഞു. കൂടുതൽ വിദ്യാർഥികൾ എസ്എസ്എൽസി പരീക്ഷ എഴുതിയത് മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ. 28,358 കുട്ടികളാണ് പരീക്ഷയെഴുതുന്നത്. ആലപ്പുഴ ജില്ലയിലെ കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലാണ് കുറവ് വിദ്യാർഥികൾ പരീക്ഷയെഴുതിയത്, 1893പേർ. തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ എടരിക്കോട് പികെഎംഎം എച്ച്എസ്എസ് ആണ് കൂടുതൽ കുട്ടികൾ പരീക്ഷയെഴുതിയ സ്കൂൾ. ഗൾഫ് മേഖലയിൽ 682പേരും ലക്ഷദ്വീപ് മേഖലയിൽ 447 പേരും പരീക്ഷ എഴുതി. ഇവർക്ക് പുറമേ ഓൾഡ് സ്‌കീമിൽ (പിസിഒ) എട്ട് പേരും പരീക്ഷ എഴുതി. എസ്എസ്എൽസി പരീക്ഷ എഴുതിയവരിൽ 2,17,696 പേർ ആൺകുട്ടികളും 2,09,325 പേർ പെൺകുട്ടികളുമാണ്. സർക്കാർ സ്‌കൂളുകളിൽ 1,42,298പേരും എയിഡഡ് സ്‌കൂളുകളിൽ 2,55,092പേരും അൺ എയിഡഡ് സ്‌കൂളുകളിൽ 29,631പേരും പരീക്ഷയെഴുതിയതായും മന്ത്രി പറഞ്ഞു.