ഡ്രൈവര്‍ക്കെതിരേ നഗ്നതാപ്രദര്‍ശനത്തിന് കേസുണ്ടെന്ന് മേയര്‍; അത് പണ്ടത്തെ കേസ്, കോടതി വെറുതെവിട്ടെന്ന് ഡ്രൈവര്‍

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ഡ്രൈവറും തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും തമ്മിലുള്ള വിവാദത്തില്‍ ഡ്രൈവര്‍ക്കെതിരേ നേരത്തെയും കേസ് ഉണ്ടെന്ന് ആര്യാ രാജേന്ദ്രന്‍. ഡ്രൈവര്‍ എല്‍.എച്ച് യദു നേരത്തേയും സ്ത്രീകളോട് അപമര്യാദയായി പെരുമാറിയിട്ടുണ്ടെന്നും നഗ്നതാപ്രദര്‍ശനത്തിനടക്കം കേസുണ്ടെന്നും മേയര്‍ പ്രതികരിച്ചു.

വാഹനത്തിന് സൈഡ് തരുന്ന വിഷയത്തിനപ്പുറം സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതുകൊണ്ടാണ് ഇങ്ങനെ പ്രതികരിച്ചതെന്നും ഡ്രൈവര്‍ ലഹരി ഉപയോഗിച്ച് കവര്‍ തങ്ങളുടെ വാഹനത്തിന്റെ സൈഡിലേക്കാണ് കളഞ്ഞതെന്നും ആര്യ പറഞ്ഞു.

എന്നാല്‍, നഗ്നതാ പ്രദര്‍ശനക്കേസ് കോടതി പോലും തള്ളിക്കളഞ്ഞതാണെന്നും കുറ്റക്കാരനല്ലെന്ന് കണ്ട് അപ്പോള്‍ തന്നെ വെറുതെവിട്ടതാണെന്നും ഡ്രൈവര്‍ യദു പ്രതികരിച്ചു. പണ്ടെപ്പോഴോ ഉള്ള കേസാണത്. എന്നിട്ട് കേസിന്റെ നിജസ്ഥിതി പോലും അന്വേഷിക്കാതെയാണ് മേയര്‍ പ്രതികരിക്കുന്നതെന്നും യദു പറഞ്ഞു.

തനിക്കെതിരേ കേസ് വന്നപ്പോള്‍ പരാതിക്കാരിയോട് കോടതി അങ്ങനെയൊരു സംഭവം നടന്നിട്ടുണോ എന്ന് ചോദിച്ചു. പക്ഷെ, അവര്‍ക്ക് പോലും വ്യക്തതയില്ലാത്ത കാര്യമായിരുന്നു അത്. ഇതോടെ കേസില്‍ വെറുതെ വിടുകയായിരുന്നുവെന്നും യദു പ്രതികരിച്ചു. താന്‍ ഒരു തരത്തിലുമുള്ള ലഹരിയും ഉപയോഗിക്കുന്ന ആളല്ല. ഇന്നലെ സംഭവമുണ്ടായപ്പോള്‍ പോലീസ് തന്റെ മെഡിക്കല്‍ പരിശോധന നടത്തിയതാണ്. എന്നിട്ട് ഒന്നും കണ്ടെത്താനായില്ലെന്നും യദു പറഞ്ഞു.

ശനിയാഴ്ച രാത്രി പത്ത് മണിയോടെ പാളയത്തായിരുന്നു സംഭവം. മേയറും കുടുംബവും സഞ്ചരിച്ച വാഹനത്തിന് സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ച് കാര്‍ റോഡിന് കുറുകെയിട്ട് കെ.എസ്.ആര്‍.ടി.സി ബസ് തടയുകയും ഡ്രൈവറുമായി വാക്കേറ്റത്തിലാവുകയുമായിരുന്നു. ആര്യാ രാജേന്ദ്രന്റെ ഭര്‍ത്താവ് സച്ചിന്‍ ദേവ് എം.എല്‍.എ യും വാഹനത്തിലുണ്ടായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും സി.സി.ടി.വി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.