കാസർകോട്: ചന്തേരയിൽ മുടി മുറിക്കാനെത്തിയ രണ്ടാം ക്ലാസുകാരനെ ബാർബർ പീഡിപ്പിക്കാൻ ശ്രമിച്ച അതിഥിത്തൊഴിലാളിയായ പതിനേഴുകാരനെ അറസ്റ്റ് ചെയ്തു. ഞായറാഴ്ച വൈകിട്ടാണ് സംഭവം. പിതാവിനൊപ്പം ബാർബർ ഷോപ്പിൽ മുടിമുറിക്കാനെത്തിയതായിരുന്നു കുട്ടി. മുടിമുറിക്കാനിരിത്തിയ ശേഷം പിതാവ് സമീപത്തെ കടയിലേക്ക് പോയി. ഈ സമയം തൊഴിലാളി കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. കുട്ടി നിലവിളിച്ച് ബഹളം വച്ചതോടെ ആളുകൾ കൂടി. കുട്ടിയുെട പിതാവ് നാട്ടുകാരുടെ സഹായത്തോടെ പ്രതിയെ പിടികൂടി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോക്സോ നിയമപ്രകാരമാണ് തൊഴിലാളിക്കെതിരെ കേസെടുത്തത്.

സംഭവത്തിന് പിന്നാലെ നാട്ടുകാർ ബാർബർ ഷോപ്പ് അടിച്ചു തകർത്തു. ബാർബർ ഷോപ്പ് തകർത്ത സംഭവത്തിൽ കണ്ടാലറിയാവുന്ന മൂന്ന് പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്.
























