കോഴിക്കോട്: ലോൺ ആപ്പ് ഭീഷണിക്ക് പിന്നാലെ വടകരയിൽ നിന്നും കാണാതായ ആയിഞ്ചേരി സ്വദേശി വിഷ്ണുവിനെ കണ്ടെത്തി. പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും കണ്ടെത്തിയെന്നാണ് വിവരം. നേത്രാവതി എക്‌സ്പ്രസിൽ യാത്ര ചെയ്യുന്നതിനിടെ, സഹയാത്രക്കാരന്റെ മൊബൈൽ ഫോണിൽ വിഷ്ണു രാവിലെ സഹോദരനെ ഫോണിൽ വിളിക്കുകയായിരുന്നു. താൻ ജീവനോടെയുണ്ടെന്നും, സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുന്നതിനാൽ വീട്ടിലേക്ക് വരാൻ തൽക്കാലം താൽപ്പര്യപ്പെടുന്നില്ലെന്നും വിഷ്ണു അറിയിച്ചു. എന്നാൽ വീട്ടുകാർ കടുത്ത മനഃപ്രയാസത്തിലൂടെയാണ് പോകുന്നതെന്നും, വീട്ടിലേക്ക് മടങ്ങി വരണമെന്നും അനുജൻ വിഷ്ണുവിനോട് ആവശ്യപ്പെട്ടു. തുടർന്ന് പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങുകയായിരുന്നു.

ഇതിനിടെ സിആർപിഎഫിൽ ജോലി ചെയ്യുന്ന അമ്മാവന്റെ ഫോൺ നമ്പറും ശേഖരിച്ച് വിഷ്ണു വിളിച്ചു. തുടർന്ന് വീട്ടുകാർ പയ്യന്നൂരിലെത്തി വിഷ്ണുവിനെ കണ്ടു. വീട്ടുകാരുടെ പരാതിയെത്തുടർന്ന് വിഷ്ണുവിനെ പൊലീസ് അന്വേഷിച്ചു വരികയായിരുന്നു. ലോൺ ആപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾക്കായി പൊലീസ് വിഷ്ണുവിൽ നിന്നും മൊഴിയെടുക്കും. ഇക്കഴിഞ്ഞ ഏപ്രിൽ 13 നാണ് 25 കാരനായ വിഷ്ണുവിനെ കാണാതായത്. ബാങ്കിൽ പോകുന്നുവെന്നു പറഞ്ഞാണ് വിഷ്ണു വീട്ടിൽ നിന്നും പോയതെന്ന് വീട്ടുകാർ പറയുന്നു. പതിനായിരം രൂപയാണ് 25 കാരനായ വിഷ്ണു ലോൺ ആപ്പിൽ നിന്നും വായ്പയെടുത്തത്. ഇതിന്റെ തിരിച്ചടവ് മുടങ്ങിയതോടെയാണ്, മോർഫ് ചെയ്ത ചിത്രങ്ങൾ കാണിച്ച് ലോൺ ആപ്പ് മാഫിയാ സംഘത്തിലുള്ളവർ ഭീഷണിപ്പെടുത്തിയെന്നാണ് കുടുംബം പറയുന്നത്.

























