‘റിസ്റ്റ് ബാൻഡ് വേണം, മൊബൈൽ പാടില്ല’; ശസ്ത്രക്രിയകൾക്ക് പുതിയ മാർഗരേഖയുമായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ശസ്ത്രക്രിയകൾക്ക് പുതിയ മാർഗരേഖ ആരോഗ്യവകുപ്പ് പുറപ്പെടുവിച്ചു. രോഗികൾക്ക് ശസ്ത്രക്രിയ വിവരങ്ങൾ അടങ്ങിയ റിസ്റ്റ് ബാൻഡ് ധരിപ്പിച്ചിരിക്കണം. ശസ്ത്രക്രിയ നടത്തേണ്ട ശരീരഭാഗം മുൻകൂട്ടി അടയാളപ്പെടുത്തണം. ഓപ്പറേഷൻ തിയേറ്ററിൽ ആരും മൊബൈൽ ഫോൺ ഉപയോഗിക്കരുത് തുടങ്ങിയ നിർദേശങ്ങൾ മാർഗരേഖയിൽ ഉൾപ്പെടുന്നു. ശസ്ത്രക്രിയയ്ക്ക് മുമ്പ് വൈറ്റ് ബോർഡിൽ ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ പേരും എണ്ണവും രേഖപ്പെടുത്തണം.

ശസ്ത്രക്രിയയ്ക്ക് ശേഷം ഉപകരണങ്ങളുടെ എണ്ണം പരിശോധിച്ച് ചെക്ക്‌ലിസ്റ്റ് ബന്ധപ്പെട്ട മേധാവിക്ക് കൈമാറണമെന്നും നിർദേശിക്കുന്നു. ശസ്ത്രക്രിയയ്ക്ക് മുമ്പ് ഡോക്ടറും നഴ്‌സും രോഗിയുടെ ഐപി നമ്പർ, കേസ് റെക്കോർഡ് എന്നിവ പൂർത്തിയാക്കണം. വാർഡ് ഡോക്ടറും നഴ്‌സ് ഇൻ ചാർജും പ്രീ ഓപ്പറേറ്റീവ് ചെക്ക് ലിസ്റ്റ് പൂരിപ്പിച്ച് ഒപ്പിടണം. തിയേറ്റർ ചുമതലയുള്ള നഴ്‌സിങ്ങ് ഓഫീസർ ഇതു വായിച്ച് വ്യക്തത വരുത്തി ഒപ്പിടണം. അതിനുശേഷം മാത്രമേ തീയേറ്ററിനുള്ളിലേക്ക് രോഗിയെ പ്രവേശിപ്പിക്കാൻ പാടുള്ളൂവെന്നും മാർഗനിർദേശത്തിലുണ്ട്. ചെറുതും വലുതുമായ എല്ലാത്തരം ശസ്ത്രക്രിയയ്ക്കും ഈ മാർഗനിർദേശങ്ങൾ പാലിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.