മോഹൻലാലിന്റേത് തെറ്റിദ്ധാരണ, മമ്മൂട്ടിക്കായി നടത്തിയ വഴിപാട് വിവരം പുറത്തുവിട്ടിട്ടില്ലെന്ന് ദേവസ്വം ബോർഡ്

തിരുവനന്തപുരം: ശബരിമലയിൽ മമ്മൂട്ടിക്കായി നടത്തിയ വഴിപാട് വിവരം പുറത്തുവിട്ടത് ദേവസ്വം ബോർഡിലെ ഉദ്യോഗസ്ഥരിൽ ആരോ ആണെന്ന മോഹൻലാലിന്റെ ആരോപണം തള്ളി തിരുവിതാംകൂർ ദേവസ്വം. മോഹൻലാലിന്റെ പ്രസ്താവന തെറ്റിദ്ധാരണയിൽനിന്നാണെന്നാണ് ദേവസ്വത്തിന്റെ വിശദീകരണം. ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരല്ല വഴിപാട് രസീത് പരസ്യപ്പെടുത്തിയതെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.

വഴിപാട് നടത്തിയ ഭക്തന് നൽകിയ രസീതിന്റെ ഭാഗമാണ് പുറത്തുവന്നത്. ദേവസ്വം സൂക്ഷിക്കുന്നത് കൗണ്ടർ ഫോയിലാണ്. രസീതിന്റെ ബാക്കി ഭാഗം വഴിപാട് നടത്തിയ ആൾക്ക് കൈമാറി. ദേവസ്വം ഉദ്യോഗസ്ഥരുടെ ഭാഗത്ത് യാതൊരു വീഴ്ചയും ഇല്ല. വസ്തുതകൾ ബോധ്യപ്പെട്ട് നടൻ തിരുത്തുമെന്ന് പ്രത്യാശിക്കുന്നതായും ബോർഡ് കൂട്ടിച്ചേർത്തു.

പുറത്തിറങ്ങാനിരിക്കുന്ന പൃഥ്വിരാജ് ചിത്രം എമ്പുരാന്റെ പ്രമോഷന്റെ ഭാഗമായി ചെന്നൈയിൽ നടന്ന വാർത്താസമ്മേളനത്തിലാണ് മോഹൻലാൽ വഴിപാടിനെക്കുറിച്ച് സംസാരിച്ചത്. മമ്മൂട്ടി സുഖമായിരിക്കുന്നു. അദ്ദേഹത്തിന് ചെറിയ ഒരു ആരോഗ്യപ്രശ്നമുണ്ടായി. എല്ലാവർക്കും ഉണ്ടാകുന്നതുപോലെ സാധാരണമായതായിരുന്നു അത്. ആശങ്കപ്പെടാനൊന്നുമില്ലെന്നായിരുന്നു മോഹൻലാലിന്റെ വാക്കുകൾ.

ഇതിന്റെ തുടർച്ചയായാണ് സഹോദരതുല്യനും സുഹൃത്തുമായ മമ്മൂട്ടിക്കുവേണ്ടി നടത്തിയ വഴിപാടിനെക്കുറിച്ച് മോഹൻലാൽ പ്രതികരിച്ചത്. മമ്മൂട്ടി തനിക്ക് സഹോദരനെപ്പോലെയാണെന്നും അദ്ദേഹത്തിന് വേണ്ടി പ്രാർഥിക്കുന്നതിൽ എന്താണ് തെറ്റെന്നും മോഹൻലാൽ ചോദിച്ചു. ഒരാൾക്കുവേണ്ടി പ്രാർഥിക്കുന്നത് വളരെ വ്യക്തിപരമായ കാര്യമാണെന്നും ദേവസ്വം ബോർഡിലെ ആരോ ആണ് വഴിപാട് രസീത് ചോർത്തിനൽകിയതെന്നുമായിരുന്നു മോഹൻലാലിന്റെ പ്രതികരണം.