ഒന്നര ദിവസത്തോളം നീണ്ട തിരച്ചിൽ; കാറിടിച്ച് തോട്ടിൽ വീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി

മലപ്പുറം: ദേശീയപാതയിലെ തലപ്പാറയിൽ കാറിടിച്ച് തോട്ടിൽ വീണ സ്‌കൂട്ടർ യാത്രക്കാരന്റെ മൃതദേഹം കണ്ടെത്തി. വലിയപറമ്പ് ചാന്ത് മുഹമ്മദ് ഹാഷിർ (22) ആണ് മരിച്ചത്. ഒന്നര ദിവസത്തോളം നീണ്ട തിരച്ചിലിന് ഒടുവിൽ ചൊവ്വാഴ്ച രാവിലെ 6.30 ഓടെ കിഴക്കൻ തോട്ടിൽ മുട്ടിച്ചിറ ചോനാരി കടവിൽ നിന്ന് 100 മീറ്ററകലെ ഇട്ടിങ്ങലിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച വൈകീട്ട് വൈകീട്ട് 6.30 ഓടെ തലപ്പാറ കിഴക്കെ തോടിന്റെ പാലത്തിൽ വെച്ചാണ് അപകടം ഉണ്ടായത്.

കൊളപ്പുറം ഭാഗത്തുനിന്ന് പരപ്പനങ്ങാടി ഭാഗത്തേക്ക് പോകുന്ന കാർ എതിരെ വന്ന സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഹാഷിർ തോട്ടിലേക്ക് തെറിച്ചു വീഴുകയായിരുന്നു. പൊലീസും നാട്ടുകാരും ഫയർഫോഴ്‌സും സന്നദ്ധ സംഘടനാംഗങ്ങളും ഒരുമിച്ചായിരുന്നു തിരച്ചിൽ. തിങ്കളാഴ്ച രാവിലെ ദേശീയ ദുരന്തനിവാരണ സേനാംഗങ്ങളും എത്തി. മൃതദേഹം തിരൂരങ്ങാടി താലൂക്കാശുപത്രിയിലേക്ക് മാറ്റി.