ന്യൂഡൽഹി: മുൻകേന്ദ്രമന്ത്രി സ്മൃതി ഇറാനി ടെലിവിഷൻ സ്‌ക്രീനിലേക്കെത്തുന്നു. ജനപ്രിയ പരമ്പരയായ ‘ക്യുങ്കി സാസ് ഭി കഭി ബഹു ഥി’ എന്ന പരമ്പരയുടെ രണ്ടാംഭാഗത്തിൽ സ്മൃതി ഇറാനി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവന്നു.

പരമ്പരയിൽ തുളസി വിരാനി എന്ന കഥാപാത്രത്തേയാണ് സ്മൃതി ഇറാനി അവതരിപ്പിക്കുന്നത്. മെറൂൺ സാരിയും വട്ടപ്പൊട്ടും പരമ്പരാഗത ആഭരണവും ധരിച്ച സ്മൃതി ഇറാനിയാണ് ഫസ്റ്റ് ലുക്കിൽ ഉള്ളത്. 15 വർഷത്തിന് ശേഷമാണ് സ്മൃതി അഭിനയത്തിലേക്ക് തിരികെയെത്തുന്നത്.


ഇന്ത്യൻ ടെലിവിഷനിലെ ഏറ്റവും വിജയകരമായ ഷോകളിൽ ഒന്നായിരുന്നു ‘ക്യുങ്കി സാസ് ഭി കഭി ബഹു ഥി’. ഇതിലെ അഭിനേതാക്കളുടെ കരിയറിലും പരമ്പര ഒരു വഴിത്തിരിവായി. മാതൃകാ മരുമകളായ തുളസി വിരാനി (സ്മൃതി ഇറാനി)യുടെ കഥയാണ് ശോഭ കപൂറും ഏക്ത കപൂറും ചേർന്ന് നിർമ്മിച്ച പരമ്പര പറഞ്ഞത്. ഭർത്താവ് മിഹിർ വിരാനി (അമർ ഉപാധ്യായ)യും കുട്ടികളുമെല്ലാം നിറഞ്ഞ തുളസിയുടെ ജീവിതമായിരുന്നു പരമ്പരയിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തിയത്.























