എന്തിനാണ് എന്നെ ഒരു കു​റ്റവാളിയായി കാണുന്നത്? ആയിരം വട്ടം ചിന്തിച്ച് എടുത്ത തീരുമാനമാണ് അത്; സമാന്ത വിഷയത്തിൽ പ്രതികരിച്ച് നാഗചൈതന്യ

സമാന്തയുമായുള്ള വിവാഹമോചനത്തിന് പിന്നാലെയ ഉയർന്ന ആരോപണങ്ങൾക്ക് മറുപടിയുമായി നടൻ നാഗ ചൈതന്യ. ആയിരം വട്ടം ചിന്തിച്ച്തങ്ങൾ ഇരുവരും ചേർന്നെടുത്ത വൈകാരിക തീരുമാനവുമായിരുന്നു വിവാഹമോചനം എന്ന് താരം പറയുന്നു. രണ്ടുപേർക്കും രണ്ടു വഴിയാണ് നല്ലതെന്നെ ബോധ്യത്തോടെ മുന്നോട്ടുപോയി. എന്നെ എന്തിനാണ് ക്രിമിനലായി ആളുകൾ കാണുന്നതെന്ന് നാഗ ചൈതന്യ ചോദിക്കുന്നു. ഇത് ലോകത്തെ ആദ്യ സംഭവവും അല്ലല്ലോ എന്നും നാഗ ചൈതന്യ പറഞ്ഞു. ‘റോ ടാക്സ് വിത്ത് വികെ പോഡ്കാസ്റ്റ്’ എന്ന ചാനലിനു നൽകിയ അഭിമുഖത്തിലാണ് നടൻ ഇക്കാര്യം വെളിപ്പെടുത്തിയത്.

‘‘ഞങ്ങൾക്ക് ഞങ്ങളുടേതായ വഴിയിൽ കൂടി സഞ്ചരിക്കേണ്ട ആവശ്യമുണ്ടായിരുന്നു. അത് ഞങ്ങളുടെ മാത്രം കാരണങ്ങളാണ്. ഞാനും സാമന്തയും ഒരുമിച്ചാണ് ഈ തീരുമാനം എടുത്തത്, ഞങ്ങൾ പരസ്പരം ബഹുമാനിക്കുന്നു. ഇപ്പോൾ ഞങ്ങൾ ഞങ്ങളുടേതായ രീതിയിൽ നല്ലൊരു ജീവിതമാണ് നയിക്കുന്നത്. ഇതിലുപരി എന്ത് വിശദീകരണമാണ് നൽകേണ്ടത്? എനിക്ക് മനസിലാകുന്നില്ല. ആരാധകരും മ​റ്റ് മാധ്യമങ്ങളും ഞാൻ പറയുന്നത് ബഹുമാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ വിഷയത്തിൽ സ്വകാര്യത ആവശ്യപ്പെട്ടിരുന്നു.

ഞങ്ങളുടെ സ്വകാര്യത നിങ്ങൾ ബഹുമാനിക്കേണ്ടതുണ്ട്. പക്ഷേ നിർഭാഗ്യവശാൽ ഞങ്ങളുടെ ജീവിതമാണ് എല്ലാവരുടെയും ചർച്ചാവിഷയം, കഴിഞ്ഞ രണ്ട് മൂന്ന് വർഷങ്ങൾക്കിടെ മാധ്യമങ്ങളുമായി ബന്ധപ്പെട്ട ഏതൊരു പരിപാടിക്കു പോയാലും ഇതുമായി ബന്ധപ്പെട്ട ചോദ്യം ഉയരും. ഞാൻ വീണ്ടും മ​റ്റൊരു പ്രണയത്തെ കണ്ടുമുട്ടി. ഞാനും ഭാര്യയും ഇപ്പോൾ സന്തോഷത്തോടെയാണ് ജീവിക്കുന്നത്. സമാന്തയോട് ഇപ്പോഴും ബഹുമാനം ഉണ്ട്. അവർക്കും അങ്ങനെ തന്നെയാണ്. പക്ഷേ പലരും ഇപ്പോഴും തെറ്റിദ്ധാരണ പരത്തുന്ന വാർത്തകൾ പറഞ്ഞു പരത്തുന്നു. എന്തിനാണ് ഇവർ എന്റെ ജീവിതത്തിൽ ഇത്രയേറെ ശ്രദ്ധ കേന്ദ്രീകരിച്ച് നെഗറ്റിവിറ്റി പറഞ്ഞുപരത്തുന്നത്. ആ സമയം നിങ്ങളുടെ ജീവിതത്തിൽ ശ്രദ്ധചെലുത്തി മുന്നോട്ടുളള ജീവിതം സന്തോഷമാക്കാൻ നോക്കൂ, നാഗചൈതന്യ പറഞ്ഞു.