പ്രിയങ്ക ചോപ്രയുടെ സഹോദരൻ വിവാഹിതനായി

നടി പ്രിയങ്ക ചോപ്രയുടെ സഹോദരൻ സിദ്ധാർഥും നീലം ഉപാധ്യായയും വിവാഹിതരായി. ജുഹുവിലെ മഹാരാഷ്ട്ര ആന്റ് ഗോവ മിലിട്ടറി ക്യാമ്പിലെ വേദിയിലായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. രേഖ, നിതാ അംബാനി എന്നിവരും അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുത്തു.

ഒരാഴ്ച മുൻപാണ് സിദ്ധാർഥും നീലവും തമ്മിലുള്ള വിവാഹ ചടങ്ങുകൾ ആരംഭിച്ചത്. മെഹന്ദി, ഹൽദി, സംഗീത്, തിലക് തുടങ്ങിയ ഒട്ടേറെ ആഘോഷങ്ങൾ നടത്തിയിരുന്നു. ഡേറ്റിങ്ങ് ആപ്പായ ബംബിളിലൂടെയാണ് സിദ്ധാർഥും നീലമും പരിചയപ്പെട്ടതും പ്രണയത്തിലായതുമെന്ന് അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ പ്രിയങ്ക വെളിപ്പെടുത്തിയിരുന്നു. ബംബിൾ ഇന്ത്യയുടെ ബ്രാൻഡ് അംബാസിഡറാണ് പ്രിയങ്ക.

തമിഴ്, തെലുങ്ക് ചിത്രങ്ങളിലൂടെയാണ് നീലം ശ്രദ്ധേയയാവുന്നത്. എം.ടി.വിയിലെ സ്‌റ്റൈൽ ചെക്ക് എന്ന പരിപാടിയിലും പങ്കെടുത്തു. 2012ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം മിസ്റ്റർ സെവൻ ആണ് ആദ്യ ചിത്രം. ആക്ഷൻ ഹീറോ, ഉന്നോട് ഒരു നാൾ, ഓം ശാന്തി ഓം (തമിഴ്) തുടങ്ങിയവയാണ് മറ്റ് ചിത്രങ്ങൾ. അടുത്തിടെ അധികം ചിത്രങ്ങളിലൊന്നും അഭിനയിച്ചിട്ടില്ലെങ്കിലും ഫോട്ടോഷൂട്ടിലൂടേയും പരസ്യചിത്രങ്ങളിലൂടേയും സ്പോട്ട് ലൈറ്റിലുണ്ടായിരുന്നു നീലം.