അകാലത്തിൽ അന്തരിച്ച നടൻ നവാസിന് മരണാനന്തര ഇൻഷുറൻസ് ക്ലെയിം ആയി എൽഐസി (ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ) 26 ലക്ഷം രൂപ നൽകിയെന്നത് വ്യാജ പ്രചരമെന്ന് സഹോദരനും നടനുമായ നിയാസ് ബക്കർ. എൽഐസിയുടെ പേരിൽ പ്രചരിക്കുന്ന പോസ്റ്ററിൽ പറയുന്നതുപോലെ ഒരു ക്ലെയിമും തങ്ങൾക്ക് ലഭിച്ചിട്ടില്ല. എൽഐസിയുടെ ഔദ്യോഗിക രേഖകളൊന്നുമില്ലാതെ നവാസിന്റെ ഫോട്ടോ ഉപയോഗിച്ചാണ് ഏഴു ലക്ഷം പ്രീമിയം അടച്ച നവാസിന് 26 ലക്ഷം ക്ലെയിം ആയി നൽകിയെന്ന് പ്രചരിക്കുന്നത്.

‘‘ജീവിതത്തിനൊപ്പവും ജീവിതത്തിനു ശേഷവും നിങ്ങളോടൊപ്പം’’ എന്ന എൽഐസിയുടെ ടാഗ്ലൈനും പോസ്റ്ററിനൊപ്പം കുറിച്ചിട്ടുണ്ട്. വാട്ട്സാപ്പിലൂടെ പ്രചരിക്കുന്ന പോസ്റ്റർ ചിലർ അയച്ചു തന്നപ്പോഴാണ് ഇത് ശ്രദ്ധയിൽപെടുന്നതെന്നും ആര് ചെയ്തതാണെങ്കിലും വലിയൊരു ഉപദ്രവമായിപ്പോയി എന്നും നിയാസ് ബക്കർ പറഞ്ഞു.


എന്റെ സഹോദരൻ നവാസിന് 26 ലക്ഷം രൂപ എൽഐസി ഇൻഷുറൻസ് ക്ലെയിം ആയി കിട്ടി എന്ന് പ്രചരിക്കുന്ന വാർത്ത വ്യാജമാണെന്നാണ് എനിക്ക് ആദ്യമേ പറയാനുള്ളത്. ഞങ്ങൾ ഒന്നിനും വയ്യാത്ത സാഹചര്യത്തിലാണ്. ഇതിനിടയിലാണ് നവാസിന് എൽഐസി ഇൻഷുറൻസ് ക്ലെയിം ആയി 26 ലക്ഷം രൂപ തന്നു എന്ന ഒരു വാർത്ത ശ്രദ്ധയിൽ പെടുന്നത്. വാട്സാപ്പിൽ ഷെയർ ചെയ്തു കിട്ടിയ ഒരു പോസ്റ്റർ ആൾക്കാർ അയച്ചു തരുമ്പോഴാണ് ഞങ്ങൾ അറിയുന്നത്. അത്തരമൊരു സംഭവം നടന്നിട്ടില്ല എന്നിരിക്കെ ആരാണ് ഇത്തരമൊരു വാർത്ത പ്രചരിപ്പിക്കുന്നത് എന്ന് അറിയില്ല, നിയാസ് ബക്കർ പറഞ്ഞു.























