പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷാ വിധി നാളെ പ്രഖ്യാപിക്കുമെന്ന് കോടതി. ചെന്താമര കുറ്റക്കാരനെന്ന് അഡീഷനൽ ജില്ലാ ആൻഡ് സെഷൻസ് കോടതി (4) തിങ്കളാഴ്ച വിധിച്ചിരുന്നു. നാളെ വിധി ഓൺലൈനിലൂടെ പ്രഖ്യാപിക്കുമെന്നത് കോടതി അറിയിച്ചു. ഇന്നത്തെ കോടതി നടപടികളോട് യാതൊരു ഭാവവ്യത്യാസവുമില്ലാതെയാണ് ചെന്താമര പ്രതികരിച്ചത്. ചെന്താമരക്കെതിരായ കൊലക്കുറ്റം തെളിഞ്ഞതായി കോടതി കണ്ടെത്തിയിരുന്നു. നെന്മാറ പോത്തുണ്ടി സ്വദേശികളായ സുധാകരനെയും അമ്മ ലക്ഷ്മിയെയും വെട്ടിക്കൊലപ്പെടുത്തി ഒന്നരവർഷം കഴിയുമ്പോഴാണ് കോടതി വിധി പറയുന്നത്.

നെന്മാറ പോത്തുണ്ടി തിരുത്തംപാടം ബോയൻ ഉന്നതിയിലെ ചെന്താമരയാണ് ( 59) കേസിലെ ഏക പ്രതി. പോത്തുണ്ടിയിലെ തിരുത്തംപാടം ബോയൻ ഉന്നതിയിലെ സുധാകരൻ (55), അമ്മ ലക്ഷ്മി ( 75) എന്നിവരെ കൊടുവാൾ കൊണ്ട് വെട്ടിക്കൊലപ്പെടുത്തുക ആയിരുന്നു. മുൻപ് സുധാകരന്റെ ഭാര്യ സജിത( 35)യെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഇതേ കോടതി ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. ഈ ശിക്ഷ പ്രതി അനുഭവിച്ചു വരികയാണ്.


ഈ കേസിൽ ജാമ്യം നേടി പുറത്ത് വന്നതിന് ശേഷമാണ് പ്രതി കുടുംബത്തിലെ മറ്റ് രണ്ട് പേരെ കൂടി കൊലപ്പെടുത്തിയത്. ആദ്യ കേസിൽ തടവിന് പുറമേ 3.25 ലക്ഷം രൂപ പിഴയും കോടതി വിധിച്ചിരുന്നു. ഭാര്യയും മകളും പിണങ്ങിപ്പോകാൻ കാരണം അയൽവാസിയായ സജിതയും കുടുംബവുമാണെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഒരു ചെകിടത്ത് അടിച്ചാൽ മറ്റേ ചെകിടും കാണിക്കാൻ താൻ ഗാന്ധിജി അല്ലെന്നും വേണ്ടി വന്നാൽ മറ്റുള്ളവരെയും കൊല്ലുമെന്നും ചെന്താമര കഴിഞ്ഞദിവസം കോടതിയിൽ പറഞ്ഞിരുന്നു. എഴുതാൻ പറ്റുന്നത് എഴുതിക്കോ എന്നും ചെന്താമര ജഡ്ജിയോട് പറഞ്ഞു. ഇങ്ങനെ അവസ്ഥ നിങ്ങൾക്കും വരണം, അപ്പോൾ അറിയാം. എനിക്ക് തടസം നിന്നാൽ ഇങ്ങനെ ആയിരിക്കും പെരുമാറ്റമെന്നും ചെന്താമര കോടതിയിൽ അഭിപ്രായപ്പെട്ടിരുന്നു.























