മലപ്പുറം: മുഖ്യമന്ത്രി വി ഡി സതീശനുമായുള്ള കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിക്കപ്പെട്ടെന്ന് ആവർത്തിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. സുകുമാരൻ നായർക്ക് കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ചു എന്നതരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും അദ്ദേഹവുമായി സംസാരിച്ചിരുന്നെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞതിനുപിന്നാലെയാണ് പ്രതികരണം. മുഖ്യമന്ത്രി തന്നെ കാണുമെന്ന് പറയുന്നത് ഇനി ഫോട്ടോയിൽ മാത്രമായിരിക്കും. ബജറ്റിന്റെ തിരക്കായതുകൊണ്ടാണ് കാണാൻ കഴിയാതിരുന്നതെങ്കിൽ അന്ന് തന്നെ അതേക്കുറിച്ച് പറയാമായിരുന്നു. ഇപ്പോൾ ന്യായീകരണം പറയുന്നതിൽ കാര്യമില്ലെന്നും സുകുമാരൻ നായർ പറഞ്ഞു. നേരിട്ട് കണ്ട് താൻ പറയാനിരുന്ന കാര്യം കഴിഞ്ഞുവെന്നും ഇപ്പോൾ ന്യായീകരണം പറയുന്നതിൽ കാര്യമില്ലെന്നും സുകുമാരൻ നായർ പറഞ്ഞു.

തനിക്ക് ഇനി ആരേയും കാണേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്താൻ എൻഎസ്എസ് നേതൃത്വം അനുമതി തേടിയപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് തിരിച്ചുവിളിച്ചിരുന്നു. എന്നാൽ, കാണാനുള്ള തീയതിയോ സമയമോ അറിയിച്ചില്ലെന്നും സുകുമാരൻനായർ പറഞ്ഞു. അതേസമയം, സുകുമാരൻ നായരെ കാണാൻ അനുമതി നിഷേധിച്ചു എന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നാണ് മുഖ്യമന്ത്രി വി ഡി സതീശൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. ബജറ്റ് തിരക്കുകൾക്കിടയിൽ അദ്ദേഹം തന്റെ പിഎയെ വിളിച്ചിരുന്നെന്നും പിന്നീട് താൻ അദ്ദേഹത്തെ തിരിച്ചുവിളിച്ച് സംസാരിക്കുകയും കാണാമെന്ന് സമ്മതിക്കുകയും ചെയ്തതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാൽ, രണ്ട് ദിവസത്തിന് ശേഷം താൻ അനുമതി നൽകിയില്ലെന്ന തരത്തിൽ വാർത്തകൾ വന്നു. നേതാക്കളെ കാണുന്നത് എപ്പോഴും പരസ്യമായിട്ടാണെന്നും അനുമതി നിഷേധിച്ചാൽ മാത്രമാണ് അത് വാർത്തയാകേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹിന്ദു ഐക്യവേദി നേതാക്കളെ കണ്ടത് ഒളിച്ചല്ലെന്നും താൻ അവരെ മുറിയിൽ ഇരുത്തിയാണ് സംസാരിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തനിക്കെതിരെ വ്യാപക പ്രചാരണം നടത്തിയവർ ഉൾപ്പെടെയുള്ളവരാണ് നിവേദനം നൽകാൻ വന്നത്. അവരെ കാണാൻ പറ്റില്ലെന്ന് പറയാൻ കഴിയില്ല. താൻ ഒരു വിഭാഗത്തിന്റെ മാത്രം പ്രതിനിധിയല്ല. അതിനാൽ കാണാൻ വരുന്നവരോട് സംസാരിക്കാതിരിക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സർക്കാരിനെതിരെ സമരം ചെയ്യുന്ന എൻ.ജി.ഒ യൂണിയൻ നേതാക്കളും സി.പി.എം അനുകൂല അധ്യാപക സംഘടനകളും താൻ ഹിന്ദു ഐക്യവേദി നേതാക്കളെ ഇരുത്തിയ അതേ കസേരയിൽ വന്നിരുന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.


പിണറായി വിജയൻ പണ്ട് ആർഎസ്എസ് നേതാക്കളെ മസ്കറ്റ് ഹോട്ടലിൽ ഒളിച്ചു കണ്ടതുപോലെയല്ല താൻ നേതാക്കളെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.























