നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു

സനാ: നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു. നാളെ (ബുധനാഴ്ച)യാണ് ശിക്ഷ നടപ്പാക്കാനിരുന്നത്. ശിക്ഷ നടപ്പാക്കുന്നത് നീട്ടിവെക്കാൻ കൊല്ലപ്പെട്ട തലാലിന്റെ കുടുംബം അനുമതി നൽകുകയായിരുന്നു. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ ഇടപെടലിൽ സൂഫി പണ്ഡിതന്മാർ കുടുംബവുമായി നടത്തിയ ചർച്ചയാണ് ഫലം കണ്ടത്‌.

നേരത്തെ, ദിയാധനം സ്വീകരിക്കാൻ സാധിക്കില്ലെന്നും നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കണമെന്നുമുള്ള നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു കുടുംബം. സൂഫി പണ്ഡിതരുടെ ഇടപെടലിൽ അവർ വഴങ്ങുകയായിരുന്നു. ദിയാധനം സ്വീകരിച്ച് നിമിഷപ്രിയയ്ക്ക് മാപ്പു നൽകാൻ തലാലിന്റെ കുടുംബം തയ്യാറാണെന്നാണ് സൂചന. ഈ തീരുമാനം സനാ കോടതിയെ അറിയിക്കും. സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ അംഗങ്ങളാണ് വധശിക്ഷ നീട്ടിവെച്ച കാര്യം അറിയിച്ചത്.

തലാലിന്റെ കുടുംബത്തിന് ദിയാധനം നൽകി നിമിഷപ്രിയയെ മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിച്ചുവരികയാണ്. യെമെനുമായി ഇന്ത്യക്ക്‌ നയതന്ത്രബന്ധമോ അവിടെ ഇന്ത്യൻ എംബസിയോ ഇല്ല. യെമെനിൽ ആഭ്യന്തരപ്രശ്നങ്ങളുണ്ടായതിനെത്തുടർന്ന് 2016 മുതൽ ഇന്ത്യയിൽനിന്ന് അവിടേക്ക്‌ യാത്രാവിലക്കുമുണ്ട്. ഈ സാഹചര്യത്തിൽ നിമിഷപ്രിയയെ മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ വലിയ വെല്ലുവിളി നേരിട്ടിരുന്നു.