നഴ്സിങ് വിദ്യാർഥിനിയുടെ മരണം; 3 സഹപാഠികൾ അറസ്റ്റിൽ

പത്തനംതിട്ട: ചുട്ടിപ്പാറ എസ്എംഇ നഴ്സിങ് കോളജിലെ നാലാം വർഷ വിദ്യാർഥിനി അമ്മു സജീവിന്റെ മരണത്തിൽ ആരോപണ വിധേയരായ 3 വിദ്യാർഥിനികളെ പത്തനംതിട്ട പൊലീസ് അറസ്റ്റ് ചെയ്തു. അലീന ദിലീപ്, എ.ടി.അക്ഷിത, അഞ്ജന മധു എന്നിവരാണ് അറസ്റ്റിലായത്. അമ്മുവിന്റെ സഹപാഠികളായ ഇവർക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി. കഴിഞ്ഞ ദിവസം വീടുകളിൽനിന്ന് കസ്റ്റഡിയിലെടുത്ത ഇവരെ പത്തനംതിട്ട സ്റ്റേഷനിൽ ചോദ്യം ചെയ്ത് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇവർക്കെതിരെ അമ്മുവിന്റെ കുടുംബം ആരോപണം ഉന്നയിക്കുകയും പ്രിൻസിപ്പലിന് പരാതി നൽകുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസമാണ് അന്വേഷണ സംഘം മൊഴിയെടുപ്പ് പൂർത്തിയാക്കിയത്. മൊഴികളിലെ വൈരുധ്യം, ഫോൺ വിവരങ്ങൾ തുടങ്ങിയ കാര്യങ്ങൾ പൊലീസ് പരിശോധിച്ചു. ‌

പൊലീസ് നടത്തിയ അന്വേഷണത്തിൽ ആത്മഹത്യാ പ്രേരണാക്കുറ്റം ഇവർ ചെയ്തിട്ടുള്ളതായി ബോധ്യപ്പെട്ടെന്നും അതിന്റെ അടിസ്ഥാനത്തിൽ വിദ്യാർഥികളെ കസ്റ്റഡിലെടുക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നുവെന്ന് പത്തനംതിട്ട ഡിവൈഎസ്പി എസ്.നന്ദകുമാർ പറഞ്ഞു. രക്ഷാകർത്താക്കളും അവർക്കൊപ്പം ഉണ്ടായിരുന്നു. ചോദ്യം ചെയ്ത് കാര്യങ്ങളിൽ വ്യക്തത വരുത്തിയതിനു ശേഷമായിരുന്നു അറസ്റ്റ്.

ഇവരെ ഇന്ന് ഉച്ചയോടെ കോടതിയിൽ ഹാജരാക്കും.