‘സർക്കാരിൽനിന്നു പിന്തുണ കിട്ടിയില്ല’; മുകേഷ് ഉൾപ്പെടെ നടന്മാർക്കെതിരായ പീഡന പരാതി പിൻവലിച്ച് നടി

കൊച്ചി: മലയാള സിനിമാതാരങ്ങളായ മുകേഷ്, ജയസൂര്യ, ഇടവേളബാബു, ബാലചന്ദ്രമേനോൻ തുടങ്ങി ചലച്ചിത്ര മേഖലയിലെ ഏഴുപേർക്കെതിരേ നൽകിയ പരാതി പിൻവലിക്കുന്നതായി ആലുവയിലെ നടി. സർക്കാരിൽനിന്ന് പിന്തുണ ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതിയിൽനിന്ന് പിൻവാങ്ങുന്നതായി ഇവർ അറിയിച്ചത്. കേസിൽ അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് നടിയുടെ പിൻമാറ്റം.

നടൻമാർക്ക് പുറമെ ചലച്ചിത്രമേഖലയിലെ നോബിൾ, ബിച്ചു എന്നിവരും കോൺഗ്രസ് അഭിഭാഷക സംഘടനയിലെ അഡ്വ.ചന്ദ്രശേഖരൻ എന്നിവർക്കെതിരെയും ഇവർ ആരോപണം ഉന്നയിച്ചിരുന്നു. തനിക്കെതിരെ ചുമത്തിയ പോക്‌സോ കേസിന്റെ സത്യാവസ്ഥ തെളിയിക്കാൻ സർക്കാർ തയ്യാറായില്ലെന്നും സർക്കാരിൽ നിന്നും പിന്തുണ കിട്ടിയില്ലെന്നും ഇവർ ആരോപിക്കുന്നു. മാധ്യമങ്ങളിൽ നിന്ന് പോലും പിന്തുണ ലഭിച്ചില്ല. കേസുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തിന് ഇമെയിൽ അയക്കുമെന്നും നടി പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയായിരുന്നു ഏഴു പേർക്കെതിരെ ആരോപണവുമായി നടി രംഗത്തുവന്നത്.