ന്യൂഡൽഹി: എംപുരാൻ സിനിമക്കും സംവിധായകൻ പൃഥ്വിരാജിനുമെതിരെ വീണ്ടും വിമർശനവുമായി ആർഎസ്എസ് മുഖവാരിക ഓർഗനൈസർ. വിവാദങ്ങളിൽ നടൻ മോഹൻലാൽ ഖേദം പ്രകടിപ്പിച്ചത് എടുത്തു പറഞ്ഞുകൊണ്ടാണ് നടനും സംവിധായകനുമായ പൃഥ്വിരാജിനെതിരെ വിമർശനം കടുപ്പിച്ചത്. സനാതന ധർമ്മം അടക്കം വിവിധ വിഷയങ്ങളിലും കേന്ദ്രസർക്കാരിനെതിരെ നിലപാട് സ്വീകരിച്ചയാളാണ് പൃഥ്വിരാജ്. രാജ്യവിരുദ്ധരുടെ ശബ്ദമായി പലപ്പോഴും അദ്ദേഹം മാറിയെന്ന് ഓർഗനൈസറിലെ ലേഖനത്തിൽ ആരോപിക്കുന്നു.

കേന്ദ്രസർക്കാരിനെതിരെ പൃഥ്വിരാജ് എതിർപ്പുമായി രംഗത്തു വരുന്നു. സേവ് ലക്ഷദ്വീപ് ക്യാംപെയ്‌നിന് പിന്നിലെ പ്രമുഖരിൽ ഒരാളായിരുന്നു പൃഥ്വിരാജ്. സിഎഎ പ്രക്ഷോഭത്തിൽ ഡൽഹി പൊലീസിനെ നേരിട്ട അയേഷ റെന്നയെ പിന്തുണച്ച് പൃഥ്വിരാജിന്റെയും സഹോദരൻ ഇന്ദ്രജിത്തും രംഗത്തെത്തിയിരുന്നു. പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് രാജ്യത്തെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നവരാണ് സിഎഎ പ്രതിഷേധങ്ങൾ നടത്തിയത് എന്നും ലേഖനത്തിൽ പറയുന്നു.


ഹിന്ദുക്കളുടെ കാര്യത്തിൽ പൃഥ്വിരാജിന് ഇരട്ടത്താപ്പാണ്. മുനമ്പം വിഷയത്തിലും ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കെതിരായ ആക്രമണത്തിലും പ്രതികരിക്കാൻ പൃഥ്വിരാജ് തയ്യാറായില്ലെന്നും ലേഖനം പറയുന്നു. പൃഥ്വിരാജിന്റെ ദുഷ്ട പദ്ധതിയും ദുരുദ്ദേശ്യവും എംപുരാൻ സിനിമയിൽ തുറന്നു കാട്ടപ്പെട്ടിരിക്കുന്നു. ചിത്രത്തിലെ പ്രധാന വില്ലന്, ശ്രീരാമന്റെ ഏറ്റവും വലിയ ഭക്തനായ ഹനുമാന്റെ മറ്റൊരു പേരായ ബജരംഗ്ബലി എന്നാണ് നൽകിയിരിക്കുന്നത്. ഈ കഥാപാത്രത്തെ കേന്ദ്ര ആഭ്യന്തര മന്ത്രിയായി ചിത്രീകരിച്ചിരിക്കുന്നു വെന്നും ലേഖനത്തിൽ പറയുന്നു. പൃഥ്വിരാജിന്റെ സിനിമകൾ രാജ്യവിരുദ്ധത പ്രോത്സാഹിപ്പിക്കുന്നെന്നും സിനിമയുടെ പിന്നിൽ അദൃശ്യമായ പിന്തുണകളുണ്ടെന്നും സംഘപരിവാർ ആരോപണം ഉന്നയിച്ചിരുന്നു. പൃഥ്വിരാജിനെ ഹിന്ദുവിരുദ്ധനെന്നും മോഹൻലാൽ ആരാധകരെ വഞ്ചിച്ചെന്നും ഓർഗനൈസർ ശനിയാഴ്ച പ്രസിദ്ധീകരിച്ച ലേഖനത്തിൽ ആരോപിച്ചിരുന്നു. വ്യാപക പ്രതിഷേധങ്ങളെ തുടർന്ന് മോഹൻലാൽ അടക്കം ചിത്രത്തിന്റെ അണിയറ പ്രവർത്തകർ മാപ്പുപറഞ്ഞ സാഹചര്യത്തിലാണ് പുതിയ ലേഖനം.























