കൊച്ചി: എമ്പുരാൻ വിവാദം കത്തിക്കയറിയോതെടെ നടൻ മോഹൻലാൽ ഖേദപ്രകടനം നടത്തുകയും സംവിധായകൻ പൃഥ്വിരാജ്, നിർമ്മാതാവ് ആൻറണി പെരുമ്പാവൂർ ഇത് പങ്കുവയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ സിനിമയുടെ രചയിതാവ് മുരളി ഗോപി ഇതുവരെ വിവാദത്തിൽ ഒരു പ്രതികരണവും നടത്തിയിട്ടില്ല. മോഹൻലാലിൻറെ കുറിപ്പ് ചിത്രത്തിൻറെ അണിയറക്കാർ എല്ലാം പങ്കുവച്ചിട്ടും മുരളി ഗോപി ഇതുവരെ പങ്കുവച്ചിട്ടില്ല. അതേ സമയം ചിത്രത്തിലെ അടുത്തിറങ്ങിയ ഗാനം അടക്കം മുരളി ഗോപി പങ്കുവച്ചിട്ടുണ്ട്.
എന്തായാലും മുരളി ഗോപി ഇപ്പോഴത്തെ വിവാദത്തിൽ പുലർത്തുന്ന നിശബ്ദത സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നുണ്ട്. നേരത്തെ ചിത്രത്തെ അത് കണ്ട് വ്യാഖ്യാനിക്കുന്നവർക്ക് ആ രീതിയിൽ ആകാമെന്നും, താൻ ഈ വിഷയത്തിൽ പ്രതികരിക്കുന്നില്ലെന്ന വാർത്ത ഏജൻസി പിടിഐയോട് മുരളി ഗോപി പ്രതികരിച്ചതായി ദേശീയ മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു.

അതേ സമയം വിവാദ ഭാഗങ്ങൾ വെട്ടിമാറ്റിയ എമ്പുരാൻ സിനിമയുടെ പുതിയ പതിപ്പ് ഇന്ന് തിയേറ്ററുകളിലെത്തും. വൈകിട്ടോടെയായിരിക്കും റീ എഡിറ്റ് ചെയ്ത ചിത്രത്തിൻറെ പ്രദർശനം. ഗർഭിണിയെ ബലാത്സംഗം ചെയ്യുന്ന രംഗമടക്കം മൂന്ന് മിനിറ്റ് വെട്ടിമാറ്റിയാണ് ചിത്രമെത്തുന്നത്. ചിത്രത്തിലെ ബജ്റംഗിയെന്ന വില്ലൻറെ പേരും മാറ്റിയേക്കും. ഉടൻ റീ എഡിറ്റ് ചെയ്ത പതിപ്പ് തിയേറ്ററുകളിലെത്തിക്കണമെന്ന കേന്ദ്ര സെൻർ ബോർഡിൻറെ നിർദേശ പ്രകാരമായിരുന്നു അടിയന്തര നടപടിയെന്നാണ് വിവരം.

























