ഇന്ത്യയുമായുള്ള യുദ്ധത്തില്‍ ജയിച്ചത് പാകിസ്ഥാൻ, നുണകളാല്‍ നിറച്ച് പാക് പാഠപുസ്തകം

ഇസ്ലാമാബാദ്: മെയ് മാസത്തില്‍ ഇന്ത്യയുമായി നടന്ന സംഘര്‍ഷത്തെ തെറ്റായ വ്യാഖ്യാനിച്ചും വ്യാജക്കഥകളും ഉള്‍പ്പെടുത്തി പാഠപുസ്തകം ഇറക്കി പാകിസ്ഥാൻ. ഇന്ത്യയാണ് സംഘര്‍ഷങ്ങള്‍ക്ക് തുടക്കമിട്ടതെന്നും, പ്രതികാരമായി പാകിസ്താന്‍ സൈന്യം ഇന്ത്യന്‍ വ്യോമതാവളങ്ങള്‍ തകര്‍ത്തുവെന്നും, എല്ലാറ്റിനുമുപരിയായി, യുദ്ധത്തില്‍ പാകിസ്താന്‍ ‘വിജയിച്ചു’ എന്നതടക്കുള്ള അവകാശവാദങ്ങളാണ് പാഠപുസ്തകത്തില്‍ നിരത്തിയിരിക്കുന്നത്. വസ്തുതകള്‍ക്ക് വിരുദ്ധമായി ഇന്ത്യയാണ് പ്രകോപനം നടത്തിയിരിക്കുന്നത് എന്നതാണ് പാഠപുസ്തകത്തില്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍ കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഒരു കൂട്ടക്കൊലയെ തുടര്‍ന്നായിരുന്നു ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ നടത്തിയത്.

‘പാകിസ്ഥാന്‍ സായുധ സേന വളരെ ധൈര്യത്തോടെയും പ്രൊഫഷണലിസത്തോടെയുമാണ് ഇന്ത്യന്‍ ആക്രമണത്തെ നേരിട്ടത്. കശ്മീരിലെ നിരവധി ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ നശിപ്പിച്ചു. ഇന്ത്യയുടെ ഡ്രോണ്‍ ആക്രമണങ്ങള്‍ക്ക് മറുപടിയായി, 2025 മെയ് 10 ന് പാകിസ്താന്‍ ഓപ്പറേഷന്‍ ആരംഭിച്ചു. ഇന്ത്യന്‍ വ്യോമതാവളങ്ങള്‍ ഉള്‍പ്പെടെ 26 തന്ത്രപ്രധാന സ്ഥലങ്ങള്‍ പാക് വ്യോമസേന വിജയകരമായി ലക്ഷ്യം വച്ചു, പല പ്രധാന സ്ഥാപനങ്ങളും നശിപ്പിച്ചു’ തുടങ്ങിയ അവകാശവാദങ്ങളും പുതുക്കിയ പാഠ്യപദ്ധതിയില്‍ പാകിസ്താന്‍ ചേര്‍ത്തിട്ടുണ്ട്.

പാകിസ്താന്‍ സൈന്യം ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ മാത്രം ലക്ഷ്യമിട്ട് ഉത്തരവാദിത്തത്തോടെയാണ് പ്രതികരിച്ചതെന്ന് പാഠപുസ്തകങ്ങള്‍ അവകാശപ്പെടുന്നു. എന്നാല്‍ വാസ്തവത്തില്‍, അമൃത്സര്‍, ജമ്മു, ശ്രീനഗര്‍ എന്നിവയുള്‍പ്പെടെ സാധരണക്കാര്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ പാകിസ്താന്‍ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ നടത്തിയിരുന്നു.

ലാഹോറിലെ പാക്കിസ്താന്റെ എച്ച്ക്യു-9 വ്യോമ പ്രതിരോധ സംവിധാനം തകര്‍ത്തും സിയാല്‍കോട്ടിന്റെയും ഇസ്ലാമാബാദിന്റെയും ഉള്‍പ്രദേശങ്ങളിലെ ലക്ഷ്യങ്ങള്‍ ആക്രമിച്ചും ഇന്ത്യ ഇതിന് തിരിച്ചടി നല്‍കുകയും ചെയ്തിരുന്നു.

‘കനത്ത നഷ്ടം’ സംഭവിച്ചതിനെ തുടര്‍ന്ന് ഇന്ത്യ സമാധാനത്തിനായി യാചിച്ചുവെന്നും, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ബന്ധത്തിന് വഴങ്ങി മാത്രം പാകിസ്താന്‍ ഔദാര്യപൂര്‍വ്വം അതിന് സമ്മതിച്ചുവെന്നുമുള്ള ആഖ്യാനമാണ് മറ്റൊരു കെട്ടിച്ചമച്ച കഥ.