പത്തനംതിട്ട: വാഹനാപകടം ഉണ്ടായത് മലേഷ്യയിൽ ഹണിമൂണിന് പോയ നവദമ്പതികളെ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് കൂട്ടി മടങ്ങവെ. മല്ലശ്ശേരി സ്വദേശികളായ അനുവിന്റെയും നിഖിലിന്റെയും വിവാഹം നവംബർ 30നായിരുന്നു. നിഖിൽ ജോലി ചെയ്യുന്നത് കാനഡയിലാണ്. വീട് എത്താൻ ഏഴു കിലോമീറ്റർ ദൂരം മാത്രം ബാക്കിനിൽക്കേയാണ് അപകടം.

പുനലൂർ- മൂവാറ്റുപുഴ പാതയിൽ കോന്നി മുറിഞ്ഞകല്ലിൽ ഇന്ന് പുലർച്ചെ നാലുമണിയോടെ ശബരിമല തീർഥാടകരുടെ ബസും കാറും കൂട്ടിയിടിച്ചാണ് അപകടം. ഒരു കുടുംബത്തിലെ നാലുപേരാണ് മരിച്ചത്. മല്ലശേരി സ്വദേശികളായ മത്തായി ഈപ്പൻ, അനു, നിഖിൽ, ബിജു പി ജോർജ് എന്നിവരാണ് മരിച്ചത്. അനുവും നിഖിലും നവദമ്പതികളാണ്. അനുവിന്റെ അച്ഛനാണ് ബിജു. നിഖിലിന്റെ പിതാവാണ് മത്തായി ഈപ്പൻ. നാലുപേരാണ് കാറിൽ ഉണ്ടായിരുന്നത്. ഇവരിൽ അനു ഒഴികെ ബാക്കിയുള്ളവർ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. അനുവിനെ നാട്ടുകാർ കോന്നി താലൂക്ക് ആശുപത്രിയിലെത്തിച്ചിരുന്നു. ആശുപത്രിയിൽ വെച്ചാണ് അനുവിന്റെ മരണം സ്ഥിരീകരിച്ചത്.


ആന്ധ്രാ സ്വദേശികളായ തീർത്ഥാടകരുടെ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ മാരുതി സ്വിഫ്റ്റ് കാർ പൂർണ്ണമായും തകർന്നു. കാർ വെട്ടിപ്പൊളിച്ചാണ് കാർ യാത്രക്കാരെ പുറത്തെടുത്തത്. നാട്ടുകാർ എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. കാർ ബസിനുള്ളിലേക്ക് ഇടിച്ചു കയറിയ നിലയിലായിരുന്നു. പൊലീസും ഫയർഫോഴ്‌സും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. അപകടകാരണത്തെക്കുറിച്ച് പൊലീസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. ഇവിടെ സ്ഥിരം അപകടമേഖലയാണെന്ന് നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു. ഡ്രൈവർ ഉറങ്ങിപ്പോകാനുള്ള സാധ്യതയായിരിക്കാം അപകടകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.























