തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന് എസ്എസ്എൽസി സർട്ടിഫിക്കറ്റിന് പകരം മറ്റ് രേഖകൾ പരിഗണിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. ജാതി, താമസസ്ഥലം എന്നിവ തെളിയിക്കാൻ മറ്റു രേഖകൾ പരിഗണിക്കും. സ്ഥിര താമസരേഖയായി റേഷൻ കാർഡ് പരിഗണിക്കും. ഡിജി ലോക്കറിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റുകൾ ലഭ്യമാകാത്തത് പ്ലസ് വൺ പ്രവേശനത്തെ ബാധിക്കാതിരിക്കുക ലക്ഷ്യമിട്ടാണ് സർക്കാർ നിർദേശം. പ്ലസ് വണ്ണിന് സംവരണ സീറ്റിൽ പ്രവേശനം കിട്ടിയവർ ജാതി തെളിയിക്കാൻ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് രേഖയായി പരിഗണിക്കും. എസ്എസ്എൽസി സർട്ടിഫിക്കറ്റ് ലഭ്യമാകാത്ത സാഹചര്യം പരിഗണിച്ചാണ് നിർദേശം.

ഇത്തവണ ഡിജിലോക്കറിൽ മാർക്ക് വിവരങ്ങൾ മാത്രമാണ് ലഭ്യമാക്കിയിരുന്നത്. കഴിഞ്ഞ വർഷം വിദ്യാർത്ഥിയുടെ സമ്പൂർണ വിവരങ്ങളടങ്ങിയ എസ്എസ്എൽസി സർട്ടിഫിക്കറ്റിന്റെ ഡിജിറ്റൽ കോപ്പി ലഭ്യമാക്കിയിരുന്നു. സേ പരീക്ഷക്കുശേഷം ഡിജിലോക്കറിൽ മതിയായ രേഖകൾ അപ്ലോഡ് ചെയ്യുമെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. ഹയർ സെക്കൻഡറി വിഭാഗത്തിൽ സംസ്ഥാനത്ത് എവിടെയും നിലവിൽ സീറ്റ് ക്ഷാമമില്ല. നിലവിൽ പ്ലസ് വൺ സീറ്റുകൾ അധികമാണ്. മലപ്പുറത്ത് കഴിഞ്ഞ വർഷവും സീറ്റ് അധികമായിരുന്നു. കുറ്റമറ്റ രീതിയിൽ പ്ലസ് വൺ പ്രവേശന നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ബസുകളിൽ കുട്ടികൾ നേരിടുന്ന ബുദ്ധിമുട്ട് ഒരിക്കലും അംഗീകരിക്കില്ലെന്നും കൺസെഷൻ ഇല്ലെന്നു കരുതി കുട്ടിയെ ഇറക്കി വിടാൻ പാടില്ലെന്നും മന്ത്രി ശിവൻകുട്ടി പറഞ്ഞു. ബസ് കൃത്യമായി സ്റ്റോപ്പിൽ നിർത്തണം. സ്‌കൂൾ ബസിൽ രണ്ട് ദിവസം കുട്ടി വന്നില്ല എന്ന് കരുതി ഇറക്കി വിടാൻ പാടില്ല. ഒരു അച്ചടക്കത്തിന്റെ പേരിലും മുടിമുറിക്കുന്നത് പോലുള്ള കാടത്ത നിലപാട് പറ്റില്ല. അത്തരക്കാർക്കെതിരെ കർശന നടപടിയെടുക്കും. പോക്സോ കേസ് പ്രതിയെ ഫോർട്ട് ഹൈസ്കൂളിലെ പ്രവേശനോത്സവത്തിൽ പങ്കെടുപ്പിച്ചത് തെറ്റാണെന്നും വിഷയത്തിൽ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

























