ആലപ്പുഴ: യു. പ്രതിഭ എംഎൽഎയുടെ മകൻ കനിവ് ഉൾപ്പെടെ ഏഴുപേരെ കഞ്ചാവു കേസിലെ പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കി എക്‌സൈസ് അമ്പലപ്പുഴ കോടതിയിൽ കുറ്റപത്രം നൽകി. തെളിവുകളുടെ അഭാവത്തിലാണ് ഇവരെ ഒഴിവാക്കിയത്. കനിവ് ഉൾപ്പെടെ ഒൻപതു പേരാണു കേസിൽ ഉൾപ്പെട്ടത്.

ഡിസംബർ 28-ന് കുട്ടനാട് എക്‌സൈസ് സംഘമാണ് കനിവിനെയും സുഹൃത്തുക്കളെയും തകഴിയിൽനിന്ന് മൂന്നുഗ്രാം കഞ്ചാവുമായി പിടിച്ചത്. ഒന്നാംപ്രതിയിൽ നിന്ന് കഞ്ചാവും രണ്ടാംപ്രതിയിൽ നിന്ന് കഞ്ചാവുപയോഗിക്കുന്ന ഉപകരണവും കണ്ടെത്തി. മറ്റുപ്രതികൾ കഞ്ചാവുപയോഗിച്ചെന്നാണ് മഹസറിൽ രേഖപ്പെടുത്തിയത്. ഇവരുടെ നിശ്വാസവായുവിൽ കഞ്ചാവിന്റെ ഗന്ധമുണ്ടായിരുന്നുവെന്നും രേഖപ്പെടുത്തിയിരുന്നു.


കേസെടുത്തത് കുട്ടനാട് എക്‌സൈസ് സംഘമാണെങ്കിലും വിവാദമായപ്പോൾ എക്‌സൈസ് നർകോട്ടിക്ക് വിഭാഗം ഏറ്റെടുത്തു. വൈദ്യപരിശോധന നടത്താത്തതിനാൽ പ്രതികൾ കഞ്ചാവുപയോഗിച്ചെന്ന് ശാസ്ത്രീയമായി തെളിയിക്കാനായില്ല.
കഞ്ചാവുപയോഗിക്കുന്നതു കണ്ടതായി പരിശോധന നടത്തിയ എക്‌സൈസ് ഉദ്യോഗസ്ഥരും മൊഴി നൽകിയില്ല. കേസിൽ മറ്റു സാക്ഷികളുമില്ലായിരുന്നു. ഈ സാഹചര്യത്തിലാണ് ആദ്യ രണ്ടു പ്രതികളൊഴികെയുള്ളവരെ ഒഴിവാക്കി നർകോട്ടിക് സിഐ. എം. മഹേഷ് കുറ്റപത്രം നൽകിയത്.
മകനെതിരേയെടുത്തത് കള്ളക്കേസാണെന്നാരോപിച്ച് യു. പ്രതിഭ, എക്‌സൈസ് മന്ത്രിക്കു പരാതി നൽകിയിരുന്നു.























