റിപ്പോർട്ടർ ചാനലിനെതിരെ പോക്‌സോ കേസ്; എഡിറ്റർ അരുൺകുമാർ ഒന്നാം പ്രതി

കൊച്ചി: വിദ്യാർത്ഥിനിക്കെതിരെ ദ്വയാർത്ഥപ്രയോഗം നടത്തിയെന്ന പരാതിയിൽ റിപ്പോർട്ടർ ചാനലിനെതിരെ പോക്‌സോ കേസെടുത്തു. സ്‌കൂൾ കലോത്സവ റിപ്പോർട്ടിങ്ങിനിടെയാണ് സംഭവം. വനിതാ ശിശു വികസനവകുപ്പ് ഡയറക്ടർ നേരിട്ടു നൽകിയ പരാതിയിൽ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസാണ് കേസെടുത്തത്. ചാനൽ കൺസൾട്ടിങ്ങ് എഡിറ്റർ അരുൺകുമാറാണ് ഒന്നാം പ്രതി.

അരുൺ കുമാർ, റിപ്പോർട്ടർ ശഹബാസ് അടക്കം മൂന്ന് മാധ്യമ പ്രവർത്തകർക്കെതിരെയാണ് കേസ്. കലോത്സവത്തിൽ ഒപ്പന മത്സരത്തിൽ പങ്കെടുത്ത പെൺകുട്ടിയുടെ വാർത്തയ്ക്ക് പിന്നാലെ, അവതാരകൻ അടക്കം നടത്തിയ പരാമർശങ്ങളാണ് വിവാദമായത്. ആക്ഷേപമുയർന്നതോടെ സംഭവത്തിൽ ശിശുക്ഷേമ വകുപ്പ് വിശദീകരണം തേടിയിരുന്നു. ഇതിനുശേഷമാണ് വനിതാ ശിശുക്ഷേമവകുപ്പ് ഡയറക്ടർ ഡിജിപിക്ക് പരാതി നൽകിയത്. പരാതി ഡിജിപി കന്റോൺമെന്റ് പൊലീസിന് കൈമാറുകയായിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ആത്മാഭിമാനം കളങ്കപ്പെടുത്തുന്ന വിധം വാർത്തയും ചർച്ചയും തയ്യാറാക്കി എന്നാണ് എഫ്‌ഐആറിൽ പറയുന്നത്.