തിരുവനന്തപുരം: കിളിമാനൂരിൽ അധ്യാപകരുടെ കുടിപ്പകയിൽ വിദ്യാർഥിനിക്കെതിരെ വ്യാജപ്രചരണം നടത്തിയ അധ്യാപികക്കെതിരെ പോക്‌സോ കേസെടുത്തു. കിളിമാനൂർ രാജാ രവിവർമ്മ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ ഹിന്ദി അധ്യാപികയായ സി ആർ ചന്ദ്രലേഖയ്ക്കെതിരെയാണ് കേസെടുത്തത്. കുട്ടിയുടെ മാതാവിൽ നിന്ന് മൊഴിയെടുത്തു. സ്‌കൂളിലെ ഒരു അധ്യാപകൻ വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന വ്യാജ പ്രചരണത്തിനാണ് കേസ്. വ്യാജ പരാതി നൽകുകയും വാട്‌സാപ്പിലൂടെ ഇക്കാര്യം പ്രചരിപ്പിക്കുകയും ചെയ്തു.

പ്ലസ് വൺ വിദ്യാർഥിനി ഗുരുതര അപസ്മാരം പിടിപെട്ട് സ്‌കൂളിൽ നിന്നും നാല് മാസം മാറി നിന്നപ്പോഴായിരുന്നു അധ്യാപകർ തമ്മിലുള്ള ചേരിപ്പോരിന്റെ പേരിൽ കുട്ടിയെ ഇരയാക്കിയത്. നാണക്കേടിലായ വിദ്യാർഥി പഠനം പാതി വഴിയിൽ ഉപേക്ഷിച്ചു. സംഭവം ശ്രദ്ധയിൽപ്പെട്ട വിദ്യാഭ്യാസ മന്ത്രി അടിയന്തിര നടപടിക്ക് നിർദ്ദേശം നൽകിയിരുന്നു.


പിന്നാലെയാണ് സ്‌കൂൾ മാനേജ്മെന്റ് പ്രിൻസിപ്പലിനോട് അന്വേഷണം നടത്താൻ നിർദ്ദേശിച്ചത്. പ്രിൻസിപ്പലിന്റെ അന്വേഷണത്തിൽ ഗുരുതര കണ്ടെത്തലുകളാണുള്ളത്. അധ്യാപികയായ സി.ആർ ചന്ദ്രലേഖ കുട്ടിയെ മറ്റൊരു അധ്യാപകൻ പീഡിപ്പിച്ചുവെന്ന് ആദ്യം വാക്കാൽ വ്യാജ പ്രചാരണം നടത്തി. മറ്റ് അധ്യാപകരോട് വിദ്യാർഥി പീഡനത്തിനിരയായി എന്ന് പറഞ്ഞു പ്രചരിപ്പിച്ചു. പെൺകുട്ടി ഗർഭിണിയാണെന്നും വ്യാജ പരാതി പൊലീസിൽ ഉൾപ്പടെ നൽകി. അപവാദ പ്രചാരണങ്ങൾ കാരണം കുട്ടി പഠനം ഉപേക്ഷിച്ചു. പെൺകുട്ടിയുടെ പേര് പറഞ്ഞുള്ള വ്യാജ വർത്തയുള്ള യൂട്യൂബ് ലിങ്ക് അധ്യാപകരുടെ വാട്ട്‌സ് ആപ്പ് ഗ്രൂപ്പിൽ പങ്കു വച്ചെന്നും കണ്ടെത്തലുണ്ട്. പിന്നാലെയാണ് അധ്യാപികയെ സസ്പെന്റ് ചെയ്ത് സ്‌കൂൾ മാനേജ്മെന്റ് ഉത്തരവിറക്കിയത്. സംഭവത്തിൽ CWC ഉൾപ്പടെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.























