പൊലീസിന് വീഴ്ച, ഷൈൻ ടോം ചാക്കോ പ്രതിയായ കൊക്കെയ്ൻ കേസിൽ നടപടിക്രമങ്ങൾ പാലിച്ചില്ല, അക്കമിട്ട് നിരത്തി കോടതി

എറണാകുളം: നടൻ ഷൈൻ ടോം ചാക്കോ പ്രതിയായ കൊക്കയ്ൻ കേസിൽ പൊലീസ് അന്വേഷണത്തിലെ പിഴവുകൾ വ്യക്തമാക്കി വിചാരണക്കോടതി ഉത്തരവ്. നടപടിക്രമങ്ങൾ പാലിച്ച് അന്വേഷണം പൂർത്തിയാക്കുന്നതിൽ പൊലീസിന് വീഴ്ചപറ്റിയെന്ന് കോടതി. പിടിച്ചെടുത്ത കൊക്കെയിൻറെ ഘടകങ്ങൾ വേർതിരിച്ച് പരിശോധിച്ചില്ല. രഹസ്യ വിവരം ലഭിച്ചുവെന്ന വാദം പൊലീസ് പട്രോളിംഗ് സംഘം കോടതിയിൽ തള്ളിപ്പറഞ്ഞു.

പൊലീസ് കണ്ടെടുത്ത വസ്തുക്കൾ സെർച്ച് മെമ്മോയിൽ രേഖപ്പെടുത്തിയിട്ടില്ല. പ്രതികളെ പരിശോധിച്ചത് ഡ്യൂട്ടിയിലില്ലാത്ത ഗസറ്റഡ് ഉദ്യോഗസ്ഥനാണ്. വനിതാ പ്രതികളെ പരിശോധിച്ചത് വനിതാ പൊലീസ് അല്ല. ഷൈൻ ടോം ചാക്കോ ഉൾപ്പടെയുള്ള അഞ്ച് പ്രതികൾ കൊക്കെയ്ൻ ഉപയോഗിച്ചോ എന്ന് പൊലീസ് പരിശോധിച്ചില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഷൈൻ ടോം ചാക്കോ ഉണ്ടായിരുന്ന ഫ്‌ളാറ്റ് തുറന്നതാരെന്നും ആദ്യം അകത്തേക്ക് കടന്നതാരെന്നും പൊലീസ് ഉദ്യോഗസ്ഥന് ഓർമ്മയില്ല.