ഗുരുവായൂർ ക്ഷേത്രത്തിലെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; ജസ്‌ന സലീമിനെതിരെ കേസ്

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രനടപ്പുരയിൽ ഹൈക്കോടതി ഉത്തരവ് ലംഘിച്ച് വീഡിയോ എടുത്ത് പ്രചരിപ്പിച്ചെന്ന പരാതിയിൽ യുവതിക്കെതിരെ പൊലീസ് കേസ് എടുത്തു. നേരത്തെ കൃഷ്ണ ഭക്തയെന്ന നിലയിൽ വൈറലായ കോഴിക്കോട് സ്വദേശി ജസ്‌ന സലീമിനെതിരെയാണ് ടെമ്പിൾ പൊലീസ് കേസെടുത്തത്. കിഴക്കേ നടയിൽ ബാങ്കിന്റെ ഭണ്ഡാരത്തിന് മുകളിലുള്ള കൃഷ്ണ വിഗ്രഹത്തിൽ മാല ചാർത്തി വീഡിയോ എടുത്ത് പ്രചരിപ്പിച്ചെന്ന ഗുരുവായൂർ ദേവസ്വം ബോർഡിന്റെ പരാതിയിലാണ് നടപടി.

നേരത്തെ ജസ്‌ന സലീം ക്ഷേത്ര പരിസരത്തുവച്ച് കേക്ക് മുറിച്ചതും ക്ഷേത്രത്തിലെത്തിയ മറ്റു ഭക്തരുമായി തർക്കത്തിലേർപ്പെട്ടതും വിവാദമായിരുന്നു. ഈ സംഭവം ഹൈക്കോടതിയിൽ എത്തിയതിനെ തുടർന്ന് ക്ഷേത്ര നടപ്പന്തലിൽ വീഡിയോ ചിത്രീകരണത്തിന് നിയന്ത്രണമേർപ്പെടുത്തിയിരുന്നു. ജസ്ന കഴിഞ്ഞമാസം കിഴക്കേനടയിലെ ദീപസ്തംഭത്തിനടുത്തുള്ള കാണിക്കയ്ക്ക് മുകളിലുള്ള കൃഷ്ണവിഗ്രഹത്തിൽ മാല ചാർത്തുകയും ഇതിന്റെ ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഗുരുവായൂർ ദേവസ്വം ബോർഡ് നൽകിയ പരാതിയിൽ കലാപശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുക്കുകയായിരുന്നു.