തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമിക്ഷേത്ര പരിസരത്ത് ഇത്തവണ പൊങ്കാല ഇടാൻ അനുവദിക്കില്ലെന്ന് ക്ഷേത്രം ഭരണസമിതി. കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ സ്വദേശ് ദർശൻ പദ്ധതിയിൽ ഉൾപെടുത്തി ക്ഷേത്രത്തിൻറെ എല്ലാ നടകളിലേയും റോഡ് ഗ്രൈനൈറ്റ് പതിച്ച് മോടിപിടിപ്പിച്ചിട്ടുണ്ടെന്നും പരമ്പരാഗത ശൈലിയിൽ പതിച്ചിട്ടുള്ള മേന്മയുള്ള ഗ്രാനൈറ്റുകൾ വളരെ സൂക്ഷ്മതയോടെ സംരക്ഷിക്കേണ്ടത് ആവശ്യമായതിനാലാണ് പൊങ്കാലയ്ക്ക് അനുവാദമില്ലാത്തതെന്നുമാണ് അറിയിപ്പ്. പുതുതായി പതിപ്പിച്ചിട്ടുള്ള കല്ലുകൾക്ക് മുകളിൽ അടുപ്പ് കൂട്ടി പൊങ്കാലയിടുമ്പോൾ കല്ലുകളിൽ കരിപിടിച്ച് ശോഭ നഷ്ടപ്പെടുന്നതിനും തീ ചൂടേറ്റ് പൊട്ടി നാശം സംഭവിക്കുന്നതിനും കാരണമാകും.

കൂടാതെ, പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ചിട്ടുള്ള ഭൂഗർഭകേബിളുകൾക്ക് ചൂടേറ്റ് നാശം സംഭവിക്കുന്നതിനും സുരക്ഷ ഉപകരണങ്ങൾ ഉൾപെടെ പ്രവർത്തനരഹിതമാകുന്നിതും തീപിടുത്തത്തിനും കാരണമായേക്കും. ഇത് കണക്കിലെടുത്ത് സ്വദേശ് ദർശൻ പദ്ധതിയുടെ ഭാഗമായി ക്ഷേത്രപരിസരത്ത് കല്ല് പതിച്ച് നടത്തിയിട്ടുള്ള നിർമ്മാണപ്രവർത്തനങ്ങൾക്ക് മുകളിൽ പൊങ്കാലയിടാൻ പാടുള്ളതല്ലെന്നാണ് എക്‌സീക്യൂട്ടിവ് ഓഫീസറുടെ മുന്നറിയിപ്പ്.

























