പത്തനംതിട്ട: അഞ്ചുമാസം ഗർഭിണിയായ പ്ലസ്ടു വിദ്യാർഥിനിയായ 17-കാരിയുടെ മരണവുമായി ബന്ധപ്പെട്ട് സഹപാഠി അറസ്റ്റിൽ. ആലപ്പുഴ നൂറനാട് സ്വദേശിയായ എ.അഖിലിനെയാണ് പോക്‌സോ കേസിൽ പോലീസ് അറസ്റ്റ് ചെയ്തത്. 18 വയസ്സും ആറുമാസവുമാണ് ഇയാളുടെ പ്രായമെന്ന് പോലീസ് പറഞ്ഞു.

പെൺകുട്ടിയെ വീട്ടിലെത്തി ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്ന് പോലീസിന്റെ ചോദ്യംചെയ്യലിൽ സഹപാഠി മൊഴിനൽകിയിരുന്നു. പെൺകുട്ടിയുടെ വീട്ടിൽ ആരുമില്ലാത്ത സമയത്താണ് എത്തിയിരുന്നതെന്നും 18-കാരൻ വെളിപ്പെടുത്തി. പ്രതിക്ക് പ്രായപൂർത്തിയായി ആറുമാസം പിന്നിട്ടതാണെന്ന് സ്ഥിരീകരിച്ചതോടെയാണ് കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. വെള്ളിയാഴ്ച വൈകീട്ടോ ശനിയാഴ്ച രാവിലെയോ പ്രതിയെ കോടതിയിൽ ഹാജരാക്കും.


പെൺകുട്ടിയുടെ ഗർഭസ്ഥശിശുവിന്റെ പിതൃത്വം തെളിയിക്കാനായി ഡി.എൻ.എ. പരിശോധനയ്ക്കുള്ള നടപടികളും പുരോഗമിക്കുകയാണ്. ഡി.എൻ.എ. പരിശോധനയ്ക്കായി പ്രതിയുടെ രക്തസാമ്പിളും പോലീസ് ശേഖരിച്ചിരുന്നു.
അതിനിടെ, പെൺകുട്ടിയുടെ ആരോഗ്യനില മോശമായത് ആത്മഹത്യാശ്രമത്തിന് പിന്നാലെയാണെന്നാണ് പോലീസിന്റെ നിഗമനം. കഴിഞ്ഞദിവസം പെൺകുട്ടിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ കുട്ടി എഴുതിയതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തിരുന്നു. കുട്ടിയുടെ ബാഗിൽനിന്നാണ് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയത്. അച്ഛനും അമ്മയും ക്ഷമിക്കണമെന്നാണ് കുറിപ്പിലുണ്ടായിരുന്നത്. തന്നെ ഒരു അധ്യാപികയായി കാണണമെന്നായിരുന്നു അമ്മയുടെ ആഗ്രഹമെന്നും അത് സാധിക്കാതെ പോയതിലുള്ള വിഷമവും കുറിപ്പിൽ പങ്കുവെച്ചിട്ടുണ്ട്. കുറിപ്പിൽ തീയതി രേഖപ്പെടുത്തിയിട്ടില്ലെന്നും പോലീസ് പറഞ്ഞിരുന്നു.
പനി ബാധിച്ച് ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്ന പ്ലസ്ടു വിദ്യാർഥിനി ചികിത്സയിലിരിക്കെ തിങ്കളാഴ്ചയാണ് മരിച്ചത്.























