വയനാട്: വയനാട്ടിലെ കോണ്‍ഗ്രസ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി വീണ്ടും മണ്ഡലത്തിലെത്തി. മാനന്തവാടിയിൽ ഹെലികോപ്റ്റർ മാർഗം എത്തിയ പ്രിയങ്കയെ നേതാക്കൾ സ്വീകരിച്ചു. ആറിടങ്ങളിൽ പ്രിയങ്ക സ്വീകരണം ഏറ്റുവാങ്ങി. സുൽത്താൻ ബത്തേരി നായ്കട്ടിയിൽ പൊതുയോഗത്തിലും പ്രിയങ്ക പങ്കെടുക്കും.

പിതൃസ്മരണയിൽ തിരുനെല്ലി ക്ഷേത്രത്തിലും പ്രിയങ്ക ദർശനം നടത്തി. 1991ൽ പിതാവ് രാജീവ് ഗാന്ധിയുടെ ചിതാഭസ്മം ക്ഷേത്രത്തിനടുത്തുള്ള പാപനാശിനി നദിയിലാണ് നിമജ്ജനം ചെയ്‌തത്. പ്രിയങ്കയുടെ മൂന്നാംഘട്ട തിരഞ്ഞെടുപ്പ് പ്രചരണമാണ് തിരുനെല്ലി ക്ഷേത്ര ദർശനത്തോടെ ആരംഭിച്ചത്. ക്ഷേത്രത്തിനു ചുറ്റും വലംവച്ച പ്രിയങ്ക വഴിപാടുകൾ നടത്തി. മേൽശാന്തി ഇ.എൻ.കൃഷ്ണൻ നമ്പൂതിരി പ്രസാദം നൽകി. 2019ൽ തിരുനെല്ലി ക്ഷേത്രത്തിൽ ദർശനം നടത്തിയായിരുന്നു രാഹുൽ ഗാന്ധി വയനാട്ടിലെ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത്. നാളെ പ്രിയങ്കയ്ക്ക് ഒപ്പം രാഹുലും കലാശക്കൊട്ടിൽ പങ്കെടുക്കും. കൽപറ്റയിലും തിരുവമ്പാടിയിലുമാണ് ഇരുവരും കലാശക്കൊട്ടിൽ പങ്കെടുക്കുക.

























