മലപ്പുറം: യുഡിഎഫിൽ വിശ്വാസം നഷ്ടപ്പെട്ടുവെന്നും, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന യുഡിഎഫിലേക്ക് ഇനിയില്ലെന്നും പി വി അൻവർ പറഞ്ഞു. പ്രതിപക്ഷ നേതാവുമായി വ്യക്തിപരമായി ഒരു പ്രശ്‌നവുമില്ല. വിശ്വാസവഞ്ചന നടത്തിയ ആ സംവിധാനത്തിലേക്ക് ഇനി താനില്ല. എല്ലാം താൻ ഏറ്റെന്നാണ് അദ്ദേഹം പറയുന്നത്. എന്നെ യുഡിഎഫിൽ എടുക്കാത്തതിന് പിന്നിൽ ഗൂഢശക്തികളുണ്ടെന്ന് നേരത്തെ തന്നെ ഞാൻ പറഞ്ഞിട്ടുള്ളതാണെന്നും പി വി അൻവർ വ്യക്തമാക്കി. എൽഡിഎഫുമായി ചർച്ച നടത്താൻ വേറെ തന്തയ്ക്ക് ജനിക്കണമെന്നും പി വി അൻവർ പറഞ്ഞു. നിലമ്പൂരിൽ മത്സരിക്കാനില്ലെന്നും പിവി അൻവർ പറഞ്ഞു. മത്സരിക്കാൻ കോടിക്കണക്കിന് രൂപ വേണം. 97 എംഎൽഎമാരും മുഖ്യമന്ത്രി അടക്കം 21 മന്ത്രിമാരും എംപിമാരും അവിടെ വരാൻ പോകുകയാണ്.

യുഡിഎഫിന്റെ 42 എംഎൽഎമാരും അവരുടെ എംപിമാരും മറ്റ് സംവിധാനങ്ങളും. അവർ കോടികൾ പൊടിക്കുന്നത് ചേലക്കരയിൽ ഞാൻ കണ്ണുകൊണ്ട് കണ്ടതാണ്. ഒരു ബൂത്തിൽ നാലും അഞ്ചും ലക്ഷമാണ് ചെലവാക്കിയത്. മരുമോന്റെ സംഘം കോഴിക്കോട്ടു നിന്നും തിരുവനന്തപുരത്തു നിന്നും ഇങ്ങോട്ടു വരും. അതേപേലെ പ്രതിപക്ഷ നേതാവിന്റെ ഒരു സംഘവും ഇങ്ങോട്ടും വരും. ഇവരങ്ങ് ഇടിച്ചു തമിതിർത്ത് പോകുവല്ലേയെന്ന് പി വി അൻവർ പറഞ്ഞു. ജനങ്ങൾക്കു വേണ്ടി നിയമസഭയിൽ കാര്യങ്ങൾ ഉന്നയിക്കാൻ ഒരു സിറ്റിങ്ങ് സീറ്റ് വേണമെന്ന് കോൺഗ്രസിനോട് ചർച്ചയിൽ ചോദിച്ചിരുന്നു. 99 സീറ്റിലാണ് കേരളത്തിൽ കോൺഗ്രസ് മത്സരിക്കുന്നത്. ഇതിൽ വിജയിക്കാത്ത ഏതെങ്കിലും രണ്ടു മൂന്നു സീറ്റുകൾ തൃണമൂൽ കോൺഗ്രസിന് നൽകാൻ ആവശ്യപ്പെട്ടു. തീരുമാനമുണ്ടാകാതിരുന്നപ്പോൾ ഒടുവിൽ അതും വിട്ട്, തനിക്ക് മത്സരിക്കാൻ ഒരു സീറ്റ് പറയാൻ പറഞ്ഞു. അപ്പോൾ ബേപ്പൂർ സീറ്റിൽ മത്സരിച്ചുകൂടേയെന്നാണ് ഒരു ഉത്തരവാദപ്പെട്ട നേതാവ് ചോദിച്ചത്. അതല്ലെങ്കിൽ വന്യജീവി പ്രശ്‌നം നേരിടുന്ന മലമ്പുഴ മണ്ഡലത്തിൽ മത്സരിക്കാനും നിർദേശിച്ചു. തന്നെ കൊന്നു കൊലവിളിക്കുകയാണ് അവർ ലക്ഷ്യമിട്ടത്. ജനങ്ങൾക്ക് വേണ്ടി സംസാരിക്കുമ്പോൾ യുഡിഎഫിന് അകത്തു വന്നാലും അൻവർ ഇതുതന്നെയാണ്. ചിലർക്ക് പല ഏർപ്പാടുകളും ഉണ്ടാകും. അവർക്ക് ഞാൻ നാളെ തടസ്സമാകും. അതിന് എന്നെ ഫിനിഷ് ചെയ്യണം. ഞാൻ രാഷ്ട്രീയ രംഗത്ത് ഉണ്ടാകരുതെന്ന് അവർ ആഗ്രഹിക്കുന്നു. ഞാൻ ആര്യാടൻ ഷൗക്കത്തിനെ അംഗീകരിച്ചില്ലെന്നാണ് ഇവർ പറയുന്നത്. യുഡിഎഫ് നിർത്തുന്ന ഏതു സ്ഥാനാർത്ഥിയായാലും, ഏതു ചെകുത്താനായാലും അംഗീകരിക്കുമെന്ന് പറഞ്ഞിട്ടുള്ളതാണെന്ന് പി വി അൻവർ പറഞ്ഞു.

























