മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ ഇടതുമുന്നണി സ്ഥാനാർത്ഥി എം സ്വരാജ് ഇന്ന് മണ്ഡലത്തിലെത്തും. രാവിലെ പത്തരയോടെ നിലമ്പൂർ റെയിൽവേ സ്റ്റേഷനിലെത്തുന്ന സ്വരാജിന് പാർട്ടി പ്രവർത്തകർ വൻ സ്വീകരണം നൽകും. തുടർന്ന് തുറന്ന വാഹനത്തിൽ ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ എൽഡിഎഫ് സ്ഥാനാർത്ഥി സിപിഎം പാർട്ടി ഓഫീസിലെത്തും. ഉച്ചയ്ക്ക് 2.30 ന് സ്വരാജിന്റെ റോഡ് ഷോയും സംഘടിപ്പിച്ചിട്ടുണ്ട്.

മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും പ്രധാന കേന്ദ്രങ്ങളിലും എത്തുന്ന തരത്തിൽ രാത്രി വരെ നീളുന്ന റോഡ് ഷോയാണ് എൽഡിഎഫ് ആലോചിച്ചിട്ടുള്ളത്. റോഡ് ഷോയ്ക്ക് പുറമെ രണ്ടു തവണയെങ്കിലും സ്ഥാനാർത്ഥിയുടെ മണ്ഡലപര്യടനം പൂർത്തിയാക്കണമെന്നും ഇടതുമുന്നണി പദ്ധതിയിടുന്നു. സ്വരാജ് നാമനിർദേശ പത്രിക സമർപ്പിക്കുന്ന കാര്യത്തിലും പാർട്ടി ഇന്ന് തീരുമാനമെടുക്കും. ഇന്നു തന്നെ സ്വരാജിന്റെ നാമനിർദേശ പത്രിക സമർപ്പിക്കാനാകുമോ എന്നാണ് സിപിഎം, എൽഡിഎഫ് നേതാക്കൾ ആലോചിക്കുന്നത്. നാളെ ഞായറാഴ്ചയാണ്. തിങ്കളാഴ്ചയാണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. അതിനാലാണ് ഇന്നു തന്നെ പത്രികാസമർപ്പണത്തിനും സാധ്യതയുണ്ടോയെന്ന് ആലോചിക്കുന്നത്. ഇന്നു തന്നെ പത്രിക സമർപ്പിക്കാൻ തീരുമാനിച്ചാൽ റോഡ് ഷോയ്ക്ക് മുമ്പായി പത്രികാ സമർപ്പണം ഉണ്ടായേക്കും.


നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. ഇന്നു രാവിലെ 11 മണിക്ക് നിലമ്പൂർ താലൂക്ക് ഓഫീസിലെത്തിയാണ് നാമനിർദേശ പത്രിക സമർപ്പിക്കുന്നത്. യുഡിഎഫ് പ്രവർത്തകരുടേയും നേതാക്കളുടേയും അകമ്പടിയോടെയാകും ഷൗക്കത്ത് നാമനിർദേശ പത്രിക സമർപ്പിക്കാനെത്തുക.























