മലപ്പുറം: പി വി അൻവറിനെ അനുനയിപ്പിക്കാൻ പല തരത്തിൽ നീക്കം തുടർന്ന് കോൺഗ്രസ്. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഇന്നലെ രാത്രി അൻവറിനെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി. ഇരുവരും ഹസ്തദാനം ചെയ്യുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തു വിന്നിരുന്നു. പിണറായിസത്തിനെതിരായ പോരാട്ടത്തിന്റെ ട്രാക്ക് മാറരുതെന്ന് പി വി അൻവറിനോട് പറഞ്ഞുവെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. പിണറായിക്കെതിരായ അൻവറിന്റെ പോരാട്ടത്തിനൊപ്പമാണ് യുഡിഎഫ്. നിലമ്പൂരുകാരെ വന്യമൃഗങ്ങൾ വേട്ടയാടുന്നതുപോലെ വന്യമായി വേട്ടയാടുന്ന പിണറായിസത്തിനെതിരെ സംസാരിക്കുന്നയാളാണ് അൻവർ. അതിവൈകാരികമായി തീരുമാനങ്ങൾ എടുക്കരുതെന്ന് അൻവറിനോട് അഭ്യർത്ഥിച്ചു.

പിണറായിസത്തിനെതിരായ പോരാട്ടത്തിൽ ജയിക്കാൻ കഴിയുക യുഡിഎഫിനാണ്. അതിനാൽ യുഡിഎഫിനെ പിന്തുണയ്ക്കണമെന്ന് ആഭ്യർത്ഥിച്ചു. നമ്മൾ അറിയുന്ന ധനാഢ്യനായ അൻവറിനെ വരെ കൊള്ളയടിച്ച സംവിധാനത്തിനെതിരെയാണ് അദ്ദേഹം സംസാരിച്ചുകൊണ്ടിരിക്കുന്നത്. അതിവൈകാരികമായി തീരുമാനമെടുത്ത് ലക്ഷ്യം മാറരുതെന്ന് അഭ്യർത്ഥിച്ചു. ആരെങ്കിലും ചുമതലപ്പെടുത്തിയതു കൊണ്ടോ, അനുനയത്തിന്റെ അടിസ്ഥാനത്തിലോ അല്ല അൻവറിനെ കാണാൻ പോയത് എന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.


എന്നാൽ രാഹുൽ മാങ്കൂട്ടത്തിലിന്റേത് ഔദ്യോഗിക ചർച്ചയല്ലെന്നാണ് യുഡിഎഫ് നേതാക്കൾ പറയുന്നത്. യുഡിഎഫുമായി ധാരണയിലെത്തിയില്ലെങ്കിൽ നിലമ്പൂരിൽ മത്സരിക്കാൻ പി വി അൻവർ തയാറെടുക്കുകയാണ്. തിങ്കളാഴ്ച നാമനിർദേശ പത്രിക നൽകാനാണ് തീരുമാനം. നാമനിർദേശ പത്രികകൾക്കൊപ്പം സമർപ്പിക്കാനുള്ള രേഖകൾ തയാറാക്കിയിട്ടുണ്ട്.























