തിരുവനന്തപുരം: ഓസ്‌കർ ജേതാവും സൗണ്ട് ഡിസൈനറും സംവിധായകനുമായ റസൂൽ പൂക്കുട്ടി കേരള ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചു. പുതിയ സർക്കാർ അധികാരത്തിൽ വന്ന പശ്ചാത്തലത്തിലാണ് രാജി. ആറുമാസം മുൻപാണ് റസൂൽ പൂക്കുട്ടി ചെയർമാനായി സ്ഥാനമേറ്റത്. കഴിഞ്ഞ ഭരണസമിതിയുടെ കാലാവധി അവസാനിച്ച പശ്ചാത്തലത്തിലായിരുന്നു റസൂൽ പൂക്കുട്ടിയെ ചെയർമാനാക്കി ഭരണസമിതി പുനഃസംഘടിപ്പിച്ചത്. ചെയർമാൻ സ്ഥാനത്തേയ്ക്ക് നടന്മാരായ ജഗദീഷ്, സലീം കുമാർ, ദീപു കരുണാകരൻ എന്നിവരുടെ പേരുകളാണ് സർക്കാർ പരിഗണിക്കുന്നത്.

സംവിധായകൻ രഞ്ജിത് സ്ഥാനമൊഴിഞ്ഞശേഷം ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനായിരുന്ന പ്രേംകുമാറായിരുന്നു ആക്ടിങ് ചെയർമാൻ. ഇദ്ദേഹത്തെ മാറ്റിയാണ് ആറുമാസം മുൻപ് റസൂൽ പൂക്കുട്ടിയെ നിയമിച്ചത്. പ്രേംകുമാറിനെ ചെയർമാനാക്കാതെ റസൂൽ പൂക്കുട്ടിയെ നിയമിച്ചത് അന്ന് വലിയ ആക്ഷേപത്തിന് ഇടയാക്കിയിരുന്നു. പതിറ്റാണ്ടുകളായി സിനിമ രംഗത്തുള്ള പ്രേംകുമാറിന് അർഹിച്ച പരിഗണന നൽകിയില്ല എന്ന തരത്തിലാണ് വിവിധ ഭാഗങ്ങളിൽ നിന്ന് വിമർശനം ഉയർന്നത്.

























