സംസ്ഥാനത്ത് മൂന്ന് ദിവസം റേഷൻ വിതരണമില്ല, പിന്നാലെ റേഷൻ മസ്റ്ററിങ്ങും മുടങ്ങി; പരിഹരിക്കുമെന്ന് മന്ത്രി

തിരുവനന്തപുരം: സെർവർ തകരാറിനെ തുടർന്ന് സംസ്ഥാനത്ത് റേഷൻ മസ്റ്ററിങ് മുടങ്ങി. ബയോമെട്രിക് ഓതെന്റിഫിക്കേഷൻ നടക്കാത്തതാണ് കാരണം. നിലവിലെ സെർവർ മാറ്റാതെ പ്രശ്നം പരിഹരിക്കാനാവില്ലെന്ന് റേഷൻ വ്യാപാരികൾ അറിയിച്ചു. മഞ്ഞ, പിങ്ക് റേഷൻ കാർഡിലെ അംഗങ്ങളുടെ ഇ-കെ.വൈ.സി ആണ് മുടങ്ങിയത്. മഞ്ഞ കാർഡുകാർക്ക് ഇന്ന് തന്നെ മസ്റ്ററിങ് നടത്താൻ ശ്രമിക്കും. പിങ്ക് കാർഡുകാർ മടങ്ങണമെന്നും അവർക്ക് പിന്നീട് ക്രമീകരണമുണ്ടാക്കുമെന്നും മന്ത്രി ജി.ആർ.അനിൽ വ്യക്‌തമാക്കി.

ആധാർ മസ്റ്ററിംഗ് കാരണമാണ് സംസ്ഥാനത്ത് ഇന്ന് മുതൽ 3 ദിവസം റേഷൻ വിതരണം മുടങ്ങിയത്. ഇന്ന് മുതൽ ഞായർ വരെയാണ് വിതരണം ഇല്ലാത്തത്. വെള്ളി, ശനി , ഞായർ ദിവസങ്ങളിലാണ് റേഷൻ വിതരണം നിർത്തിവെച്ചത്. ഈ ദിവസങ്ങളിൽ ഉപഭോക്താക്കൾക്ക് റേഷൻ കടകളിൽ എത്തി ആധാർ അപ്ഡേഷൻ നടത്താം. ഉപാഫോക്താക്കൾക്ക് വേണ്ടി പ്രത്യേകം തയാറാക്കിയ കേന്ദ്രങ്ങളിൽ ആധാർ അപ്ഡേഷൻ നടത്താം.

രാവിലെ 8 മണി മുതൽ വൈകിട്ട് 7 മണി വരെ ഇടവേളകളില്ലാതെ റേഷൻ കടകൾ പ്രവർത്തിക്കണമെന്ന് നിർദേശം. എന്നാൽ സിവിൽ സപ്ലൈസ് ഉത്തരവിനെതിരെ റേഷൻ വ്യാപാരികൾ രംഗത്തെത്തി. വൈകിട്ട് 7 വരെ ഇടവേളകളില്ലതെ പ്രവർത്തിക്കാൻ അടിമകളല്ലെന്ന് വ്യാപാരികൾ വ്യക്തമാക്കി.