തമിഴിലെ പ്രമുഖ നടിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി നടൻ രവി മോഹൻ രംഗത്ത്. നടിയുടെ പേരുനേരിട്ട് പരാമർശിക്കാതെയാണ് രവി മോഹൻ ആരോപണം ഉന്നയിച്ചത്. തന്റെ വ്യക്തിജീവിതത്തിൽ കയറിക്കളിക്കാൻ എന്ത് യോഗ്യതയാണ് ആ നടിക്കുള്ളതെന്നും രവി മോഹൻ ചോദിച്ചു. നാലു വർഷമായി മുൻഭാര്യ ആർതിയുമായി യാതൊരു ബന്ധവുമില്ല. ആർതി മരിച്ചു കളയും എന്നു പറഞ്ഞ് കൈ മുറിച്ചിട്ടാണ് വിവാഹം നടന്നത്. ഇപ്പോൾ തന്നെയും ആ അവസ്ഥയിലേക്ക് കൊണ്ടെത്തിച്ചു. ആ വീട്ടിൽ നിന്നും പുറത്തു വന്നതിനു ശേഷമാണ് ഒരു മനുഷ്യനായി ജിവിക്കാൻ തുടങ്ങിയതെന്ന് രവി മോഹൻ പറഞ്ഞു. തന്നെ മനസ്സിലാക്കാൻ ശ്രമിച്ച പെൺകുട്ടിയെ ഓടിച്ചു വിട്ടെന്നും രവി മോഹൻ ആരോപിച്ചു. കെനിഷ കൃത്യമായി ജോലി ചെയ്താണ് ജീവിക്കുന്നത്. അല്ലാതെ വേറെ ഒരാളുടെ സമ്പാദ്യത്തിൽ സുഖിച്ച് ജീവിക്കുകയല്ലെന്നും രവി മോഹൻ തുറന്നടിച്ചു.

രവി മോഹന്റെ വാക്കുകൾ


മൂന്നക്ഷരത്തിൽ പേരുള്ള ഒരു നടിയുണ്ടല്ലോ, ഇഡ്ഡലി നടികൈ! അവരും എന്റെ പേര് നേരിട്ട് പരാമർശിക്കാതെയാണ് ഓരോന്ന് പറയുന്നത്. അവരുടെ തലമുറയിൽപ്പെട്ട മൂന്ന് സീനിയർ നായകന്മാർ എന്നോട് പറഞ്ഞിട്ടുണ്ട്, ഇവർ അവരുടെ കുടുംബം തന്നെ നശിപ്പിച്ചു എന്ന്. അവരാണ് ഇപ്പോൾ എന്റെ ജീവിതത്തെ കുറിച്ച് പറയാൻ വരുന്നത്. വേറെ എന്തേലും പ്രശ്നം വന്നാൽ, ഉടനെ ‘ഞാൻ ഫെമിനിസ്റ്റ്’ എന്നു പറഞ്ഞ് വഴുതി മാറും. ഇതൊക്കെ എന്തു നാടകമാണ്? എന്നെക്കുറിച്ച് പറയാൻ ഇവർക്ക് എന്തു യോഗ്യതയാണുള്ളത്? എന്തൊക്കെ തരം മനുഷ്യന്മാരാണെന്ന് മനസ്സിലാകുന്നില്ല! എന്നെക്കാൾ നന്നായി അഭിനയിക്കുന്ന ആളാണോ… അഭിനയിച്ചോളൂ. ഞാൻ തന്നെ കാലിൽ വീണോളാം! അവാർഡ് വാങ്ങുന്നുണ്ടോ, ആയിക്കോളൂ! പക്ഷേ, എന്റെ വ്യക്തിജീവിതത്തിൽ കേറി കളിക്കരുത്. നിങ്ങൾക്ക് എന്തു യോഗ്യതയാണുള്ളത്?
എനിക്കെതിരെ കൂടോത്രം വരെ ചെയ്തു. അവർ പറയുന്നത് മാത്രം കേൾക്കാൻ പണ്ടും അവർ ഇത് ചെയ്തിട്ടുണ്ട്. എനിക്ക് അതെല്ലാം അറിയാമായിരുന്നു. പക്ഷേ, അപ്പയും അമ്മയും എന്നെ പഠിപ്പിച്ച സംസ്കാരം മൂലം ഞാൻ അതു സഹിച്ചു. എത്ര വർഷം! പിന്നിൽ നിന്ന് എന്നെ കുത്തുകയായിരുന്നു. ഞാൻ ഇതൊന്നും അറിയുന്നില്ല എന്നാണ് അവർ കരുതിയത്. അവർ മാറുമെന്ന് കരുതി ഞാൻ കാത്തിരുന്നു, പ്രാർഥിച്ചു. പക്ഷേ, സമാധാനം ഇല്ലാതായാൽ എന്തു ചെയ്യും? ഒരു ബഹുമാനം ഇല്ലെങ്കിൽ എന്തു ചെയ്യും? അത്രയും അടിസ്ഥാനപരമായ കാര്യങ്ങളല്ലേ ചോദിച്ചുള്ളൂ! ഇതിലെന്ത് ആൺ–പെൺ വിഷയം? എനിക്കു മനസ്സിലാകുന്നില്ല.
ഇപ്പോൾ ഞാൻ കുറച്ചുകാലം ഒരാളുടെ കൂടെ ഒരുമിച്ചു നടക്കുന്നതാണോ നിങ്ങൾക്കു പ്രശ്നം? രണ്ടു വർഷം ഞാൻ ഹോട്ടലിൽ താമസിച്ചു. അതൊന്നും ആർക്കും അറിയില്ല. കാരണം, അതൊന്നും ഞാൻ പറഞ്ഞിട്ടില്ല. നാലു വർഷമായി എനിക്ക് ആർതിയുമായി യാതൊരു ബന്ധവുമില്ല. ഇപ്പോൾ നടന്നതു മാത്രമെ നിങ്ങൾ അറിയുന്നുള്ളൂ. അതു ചേർത്തുവച്ചാണ് ഇപ്പോൾ ഓരോന്ന് അടിച്ചു വിടുന്നത്. എഐ വച്ച് ഓരോ തെളിവുണ്ടാക്കുന്നു. എന്റെ കയ്യിൽ യഥാർഥ തെളിവുണ്ട്. ഇങ്ങനെ ചെയ്യുന്നത് തെറ്റാണ്. ഒരാളുടെ ജീവിതം വച്ചു കളിക്കരുത്. ഒരാളുടെ ഇമേജ് വച്ച് കളിക്കരുത്. എന്താ നടന്നതെെന്ന് നിങ്ങൾക്കറിയാമോ? സൈബറാക്രമണം മൂലം എത്ര പേർ ആത്മഹത്യ ചെയ്തിട്ടുണ്ടെന്ന് അറിയാമോ? ഞാനും പോകും. സൈബറാക്രമണം നടത്തുന്ന ഓരോ പുഴുക്കുത്തുകൾ! നിങ്ങൾക്ക് നാണമില്ലേ?
ആദ്യ ദിവസം മുതൽ അന്യായമാണ് നടന്നത്. അവർ മരിച്ചു കളയും എന്നു പറഞ്ഞ് കൈ മുറിച്ചിട്ടാണ് ഈ വിവാഹം നടന്നത്. വേണമെങ്കിൽ ഫോട്ടോ എടുത്തു നോക്കൂ. ഇപ്പോൾ ഇതാ എന്നെയും ആ അവസ്ഥയിലേക്ക് കൊണ്ടെത്തിച്ചു. അവിടെ നിന്ന് പുറത്തു വന്നതിനു ശേഷമാണ് ഒരു മനുഷ്യനായി ജിവിക്കാൻ തുടങ്ങിയത്. എന്റെ കൂടെ ഉള്ളവർക്ക് അറിയാം. എന്നെ സ്വന്തം വീട്ടുകാരിൽ നിന്ന് പിരിച്ച് കൊണ്ടു വന്നിട്ട് അതു ചെയ്യ്, ഇത് ചെയ്യ് എന്നൊക്കെ പറഞ്ഞ്, അവിടെയും ഇവിടെയും പോയി സിനിമ ചെയ്ത് മൂന്നു സിനിമകൾ എന്റെ പരാജയപ്പെട്ടു. അവരുടെ പ്രൊഡക്ഷനിൽ തന്നെ സിനിമകൾ, ഒന്നു തീരും മുൻപ് മറ്റൊന്ന്! ഞാൻ പുറത്ത് പടം ചെയ്യാൻ പാടില്ല. ഞാനെന്താ അവരുടെ കമ്പനി ആർട്ടിസ്റ്റാണോ? ഒരു സീരിയൽ ആർട്ടിസ്റ്റ് പോലെ ആ കമ്പനിയിൽ തന്നെ എന്നെ ഒതുക്കി നിർത്തുകയാണോ? അതിൽ നിന്ന് ഞാൻ പുറത്തു വരാൻ പാടില്ല! അവർ പറയുന്ന പോലെയുള്ള സിനിമകൾ മാത്രം ചെയ്യണം.
ഫോളോവേഴ്സിനു വേണ്ടിയാണോ ഇതെല്ലാം ചെയ്യുന്നത്? എന്നെ അറിയാൻ ശ്രമിച്ച പെൺകുട്ടിയെ നിങ്ങൾ ഓടിച്ചു വിട്ടു. അവർ കൃത്യമായി ജോലി ചെയ്താണ് ജീവിക്കുന്നത്. അല്ലാതെ വേറെ ഒരാളുടെ സമ്പാദ്യത്തിൽ സുഖിച്ച് ജീവിച്ച് എന്നെ വാടകവീട്ടിൽ തള്ളിയിടുന്ന പരിപാടിയല്ല അവർ ചെയ്യുന്നത്. കെനിഷ എവിടെ ആയിരുന്നാലും നന്നായി ഇരിക്കട്ടെ. ദൈവം കാത്തോളും. എന്താണ് സത്യം എന്താണ് നുണയെന്ന് ദൈവത്തിന് അറിയാം. അവർ നോക്കിക്കോളും. ഞാൻ ഹാപ്പിയാണ്. പക്ഷേ, എനിക്ക് ജോലി ചെയ്യാൻ പറ്റുന്ന അവസ്ഥയല്ല ഇപ്പോഴുള്ളത്.
വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ച ആളൊന്നുമല്ല ഞാൻ. ഇപ്പോഴും സിനിമ ഇല്ലെങ്കിലും ഞാൻ ജീവിക്കും. ഡാൻസ് ക്ലാസ് ഇട്ടു വേണമെങ്കിലും ഞാൻ നിത്യവൃത്തി കണ്ടെത്തും. എല്ലാ ചിട്ടവട്ടങ്ങളോടെ ഭരതനാട്യം അരങ്ങേറ്റം നടത്തിയ വ്യക്തിയാണ് ഞാൻ. ജീവിക്കാനുള്ള വഴി ഞാൻ കണ്ടെത്തും.























