ശബരിമലയിലെ സ്വർണംപൂശിയ പാളികൾ നന്നാക്കാൻ കൊണ്ടുപോയി; നടപടി ഹൈക്കോടതി അനുമതിയില്ലാതെ

പത്തനംതിട്ട: ശബരിമല ശ്രീകോവിൽ വാതിലിന്റെ ഇരുവശത്തുമുള്ള ദ്വാരപാലകശില്പങ്ങളിലെ സ്വർണം പൂശിയ പാളികൾ ഹൈക്കോടതി അനുമതിയില്ലാതെ നന്നാക്കാൻ ചെന്നൈയിലേക്ക് കൊണ്ടുപോയി. ഇതുസംബന്ധിച്ച് ശബരിമല സ്‌പെഷ്യൽ കമ്മിഷണർ ജസ്റ്റിസ് ആർ. ജയകൃഷ്ണൻ ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകി.

തന്ത്രിയുടെയും ദേവസ്വം ബോർഡിന്റെയും അനുമതിയോടെയാണ് പാളികൾ കൊണ്ടുപോയതെന്നാണ് ദേവസ്വം വിശദീകരണം. ഞായറാഴ്ച രാത്രി എട്ടരയ്ക്കുശേഷമാണ് പാളികൾ ഇളക്കിയത്. ഇവ നിർമിച്ച് സമർപ്പിച്ച സ്ഥാപനത്തിലേക്കാണ് കൊണ്ടുപോയത്.

തിരുവാഭരണം കമ്മിഷണർ, ശബരിമല അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ എന്നിവരുൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ സുരക്ഷിതവാഹനത്തിലാണ് പാളികൾ കൊണ്ടുപോയതെന്ന് ദേവസ്വംബോർഡ് അറിയിച്ചു. സെപ്റ്റംബർ 19-ന് അറ്റകുറ്റപ്പണികൾക്കുശേഷം തിരികെ എത്തിക്കും.

ശബരിമല ശ്രീകോവിൽ അടക്കമുള്ള പ്രധാന ഇടങ്ങളിലെ അറ്റകുറ്റപ്പണി സന്നിധാനത്തുവെച്ച് നടത്തുന്നതിന് തടസ്സമില്ല. വലിയ ചെലവുള്ളവയാണെങ്കിൽ ഹൈക്കോടതിയെ അറിയിക്കണം.