സെയ്ഫ് അലി ഖാനെ ആക്രമിച്ച പ്രതി ബം​ഗ്ലാദേശ് പൗരൻ?തിരിച്ചറിയൽ രേഖകൾ വ്യാജം

മുംബൈ: ബോളിവുഡ് താരം സെയ്ഫ് അലിഖാനെ ആക്രമിച്ച പ്രതി ബംഗ്ലാദേശ് പൗരനെന്ന് സംശയം. താനെയിൽ പിടിയിലായ പ്രതിക്ക് ഇന്ത്യൻ രേഖകളില്ലെന്നും മുംബൈ പൊലീസ് അറിയിച്ചു. ഹൗസ് കീപ്പിംഗ് ഏജൻസിയിൽ ജോലി ചെയ്യുന്ന പ്രതി മുഹമ്മദ് ഷെരീഫുൾ ഇസ്ലാം ഷഹസാദ്, വിജയ്ദാസ് എന്ന പേരിലാണ് ഇന്ത്യയിൽ കഴിഞ്ഞിരുന്നത്. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് വ്യക്തമാക്കി.

താനെയിലെ ഹിരാനന്ദാനി എസ്റ്റേറ്റിലെ ടിസിഎസ് കോൾ സെന്ററിന് പിന്നിലെ മെട്രോ നിർമ്മാണ സ്ഥലത്തിന് സമീപമുള്ള ലേബർ ക്യാമ്പിൽ വച്ചാണ് ഇയാളെ പൊലീസ് പിടികൂടിയത്. ഡിസിപി സോൺ-6 നവ്നാഥ് ധവാലെയുടെ സംഘവും കാസർവാഡാവലി പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലൂടെയാണ് ഇയാളെ പിടികൂടിയത്. ഇയാൾ ഒരു പബ്ബിലാണ് ജോലി ചെയ്തിരുന്നതെന്ന് പൊലീസ് അറിയിച്ചു.

അതേസമയം മുംബൈ ലീലാവതി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സെയ്ഫ് അലിഖാന്റെ ആരോഗ്യനില മെച്ചപ്പെട്ടു. കരീന കപൂറിന്റെയും സൈഫ് അലിഖാന്റെയും മൊഴി പൊലീസ് രേഖപ്പെടുത്തി.അണുബാധ സാധ്യത ഒഴിവാക്കാൻ സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ദിവസങ്ങൾക്കുള്ളിൽ ആശുപത്രി വിടാൻ ആകും എന്നാണ് പ്രതീക്ഷ.