ശരീരഭാഗങ്ങൾ മോഷ്ടിച്ചതല്ലെന്ന് പൊലീസ്; ആക്രിയാണെന്ന് കരുതി എടുത്തത്, ജീവനക്കാരന് സസ്‌പെൻഷൻ

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പാത്തോളജി ലാബിൽ പരിശോധനക്ക് അയച്ച ശരീര ഭാഗങ്ങൾ ആക്രിക്കാരൻ കൊണ്ടുപോയതാണെന്ന് സ്ഥിരീകരിച്ചു. രോഗ നിർണയത്തിനയച്ച സാംപിളുകൾ ഇയാളുടെ പക്കൽ നിന്നും കണ്ടെത്തി. ആക്രിയാണെന്ന് കരുതി എടുത്തതാണെന്ന് വിൽപനക്കാരൻ മൊഴി നൽകി. വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. എല്ലാ ശരീരഭാഗങ്ങളും കേടുകൂടാതെ കിട്ടിയെന്നും തുടർ പരിശോധനയ്ക്ക് തടസമില്ലെന്നും പാത്തോളജി വിഭാഗം മേധാവി ഡോ.ലൈല രാജി വ്യക്തമാക്കി.

സംഭവത്തിൽ ഹൗസ് കീപ്പിങ് വിഭാഗം ഗ്രേഡ് 1 ജീവനക്കാരൻ അജയകുമാറിനെ സസ്പെൻഡ് ചെയ്തു. അന്വേഷണ വിധേയമായാണ് സസ്പെൻഷൻ. ആശുപത്രിയിൽ ശസ്ത്രക്രിയക്ക് ശേഷം മറ്റു പരിശോധനകൾക്കായി രോഗികളിൽ നിന്നും ശേഖരിച്ച ശരീരഭാഗങ്ങളാണ് മോഷ്ടിക്കപ്പെട്ടത്. മെഡിക്കൽ കോളജ് ആശുപത്രിയുടെ പത്തോളജി ലാബിൽ എത്തിച്ചപ്പോഴാണ് മോഷണം പോയത്. പത്തോളജി ലാബിലേക്കും മൈക്രോബയോളജി ലാബിലേക്കുമായി ആശുപത്രി ആംബുലൻസിൽ അറ്റന്റർ എത്തിച്ച 17 സാമ്പിൾ സ്റ്റെയർ കേസിന് സമീപം വെച്ചശേഷം മടങ്ങുകയായിരുന്നു. പരിശോധനയ്ക്കായി ലാബ് ജീവനക്കാർ എത്തിയപ്പോൾ സാംപിളുകൾ കണ്ടില്ല. തുടർന്ന് നടത്തിയ പരിശോധനയിലാണ് ആക്രിക്കാരൻ സാമ്പിളുകൾ മോഷ്ടിച്ചതായി മനസ്സിലാക്കിയത്.