തനിക്കും കുടുംബത്തിനും വധഭീഷണി ഉള്ളതായി നിർമാതാവ് സാന്ദ്രാ തോമസ്. കുടുംബത്തോടെ വെട്ടി കാനയിലിടും എന്നാണ് പറഞ്ഞതെന്നും ഇങ്ങനെയൊക്കെ പറയുന്നത് ഭയങ്കര മോശം കാര്യമാണെന്നും അവർ പറഞ്ഞു. ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണിക്കൃഷ്ണനെതിരെ രൂക്ഷവിമർശനവും അവർ ഉന്നയിച്ചു. ജനറൽ സെക്രട്ടറിക്ക് ഇതെല്ലാം അറിയാം. അദ്ദേഹത്തിനുകീഴിൽ ഒരു ഗുണ്ടാ സംഘം പ്രവർത്തിക്കുന്നുണ്ട്. പരാതിയുമായി ഈ മേഖലയിലെ ഒരു സ്ത്രീയും മുന്നോട്ടുവരരുത്. കാരണം അങ്ങനെ മുന്നോട്ടുവന്ന തനിക്ക് നേരിടേണ്ടിവന്നത് വളരെ മോശം അനുഭവങ്ങളാണെന്നും സാന്ദ്രാ തോമസ് വ്യക്തമാക്കി.

സംഘടനയുടെ ജനറൽ സെക്രട്ടറി എന്നുപറയുന്നത് വളരെയധികം സ്വാധീനമുള്ള വ്യക്തിയാണ്. അദ്ദേഹത്തിന്റെ ഇടപെടൽകൊണ്ടുതന്നെയാണ് പോലീസിന്റെ ഭാഗത്തുനിന്നുള്ള മെല്ലെപ്പോക്കിന് കാരണമായത്. ജനറൽ സെക്രട്ടരി ഇതിനെക്കുറിച്ചെല്ലാം അറിയുന്നയാളാണ്. കാരണം ഫെഫ്കയാണല്ലോ മാനനഷ്ടത്തിന് കേസുകൊടുത്തിരിക്കുന്നത്. അഞ്ചുലക്ഷം കോടതിയിൽ കെട്ടിവയ്ക്കാതെ അമ്പതുലക്ഷത്തിന് കേസ് കൊടുക്കാൻ പറ്റില്ലല്ലോ. ഇത് അദ്ദേഹത്തിനുകീഴിൽ നടക്കുന്ന ഗുണ്ടാ സംഘമാണ്. അത് ഇത്രയും നാൾ ആളുകൾ അറിഞ്ഞില്ലെന്നേയുള്ളൂ. എന്തുകൊണ്ട് ഹേമാ കമ്മിറ്റി റിപ്പോർട്ട് വന്നശേഷം ഒരു സ്ത്രീകളും പരാതിയുമായി മുന്നോട്ടുപോയില്ല. അതിന്റെ കാരണം ഇതാണ്.” സാന്ദ്രാ തോമസ് പറഞ്ഞു.

























