‘എന്‍റെ കൃഷിയിടം ജപ്തി ചെയ്യരുതേ…’; പരിസ്ഥിതി പുരസ്‌കാരം വാങ്ങിയ നാലാം ക്ലാസുകാരി മുഖ്യമന്ത്രിയോട്

തിരുവനന്തപുരം: ലോക പരിസ്ഥിതിദിനാചരണത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ പരിസ്ഥിതിമിത്രം പുരസ്‌കാരദാന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനോട് ഒരു നാലാം ക്ലാസുകാരി പറഞ്ഞുവാക്കുകള്‍ ശ്രദ്ധനേടുന്നു. ജപ്തി ഭീഷണി നേരിടുന്ന സ്വന്തം പുരയിടത്തെക്കുറിച്ചുള്ള ആശങ്കയായിരുന്നു പരിസ്ഥിതിമിത്രം പ്രത്യേക ജൂറി അവാര്‍ഡ് സ്വീകരിച്ച കോഴിക്കോട് മലാപ്പറമ്പ് ലിറ്റില്‍ കിങ്‌സ് ആംഗ്ലോ ഇന്ത്യന്‍ സ്‌കൂളിലെ നാലാംക്ലാസ് വിദ്യാര്‍ഥിനി കെ പി ദേവിക മുഖ്യമന്ത്രിയോട് പങ്കുവച്ചത്.

ആറ് സെന്റ് മാത്രം വരുന്ന മലാപ്പറമ്പ് വേങ്ങേരിയിലെ പുരയിടത്തിലെ കൃഷിയാണ് കെ പി ദേവികയെ പരിസ്ഥിതിമിത്രം പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. അതേ പുരയിടം നേരിടുന്ന ജപ്തിഭീഷണിയെ കുറിച്ചുള്ള ആശങ്കയായിരുന്നു പുരസ്‌കാരം സ്വീകരിച്ച് മുഖ്യമന്ത്രിയോട് പങ്കുവച്ചത്. നാലാം ക്ലാസുകാരിയുടെ വാക്കുകള്‍ ശ്രദ്ധയോടെ കേള്‍ക്കാന്‍ മുഖ്യമന്ത്രിയും തയ്യാറായി. വായ്പയുടെ വിരങ്ങളും ഇടപെടല്‍ ആവശ്യപ്പെടുന്ന കത്തും ദേവിക മുഖ്യമന്ത്രിക്ക് നല്‍കി. വിഷയം പരിശോധിക്കാമെന്ന് വാക്കുനല്‍കിയാണ് മുഖ്യമന്ത്രി ദേവികയെ മടക്കി അയച്ചത്.

തയ്യല്‍ തൊഴിലാളിയായ ദേവികയുടെ അച്ഛന്‍ കെ പി ദീപക് ജോലി വിപുലീകരിക്കുന്നതിനും വീടുപണിക്കും വേണ്ടിയായിരുന്നു വായ്പ എടുത്തത്. സഹകരണബാങ്ക്, എസ്ബിഐ എന്നിലയില്‍ നിന്നും സ്വന്തമാക്കിയ ആറരലക്ഷം രൂപ വായ്പ കോവിഡ് പ്രതിസന്ധിയും അപകടവും ഉള്‍പ്പെടെ ബാധിച്ചതോടെ തിരിച്ചടവ് മുടങ്ങുകയായിരുന്നു. ഇതിനിടെ ദേവിക അസുഖബാധിതയായതും ദീപകിന് വാഹനാപകടം സംഭവിച്ചതും പ്രതിസന്ധി വര്‍ധിപ്പിച്ചു. വായ്പ മുടങ്ങിയതോടെ ബാങ്കുകള്‍ തുടര്‍നടപടിക്ക് മുതിരുകയായിരുന്നു. ഇക്കാര്യമാണ് ദേവിക മുഖ്യമന്ത്രിക്ക് മുന്നില്‍ ബോധിപ്പിച്ചത്.