സിക്സടിച്ച പന്ത് മുഖത്തുവീണ് കരഞ്ഞ യുവതിയെ നേരിട്ടെത്തി ആശ്വസിപ്പിച്ച് സ‍ഞ്ജു

ജൊഹാനസ്ബർഗ് : ദക്ഷിണാഫ്രിയ്ക്കെതിരായ നാലാം ട്വന്റി20 മത്സരത്തിനിടെ തന്റെ സിക്സർ മുഖത്തുപതിച്ച് പരുക്കേറ്റ ആരാധികയെ നേരിൽക്കണ്ട് ആശ്വസിപ്പിച്ച് മലയാളി താരം സഞ്ജു സാംസൺ. സഞ്ജുവിന്റെ സിക്സർ മുഖത്തുപതിച്ച് പരുക്കേറ്റ് ഐസ്പായ്ക്കും മുഖത്തുവച്ച് കണ്ണീരണിഞ്ഞ് നിൽക്കുന്ന ആരാധികയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിനു പിന്നാലെയാണ്, സഞ്ജു ഈ ആരാധികയെ നേരിൽക്കണ്ട് സംസാരിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

മത്സരം അവസാനിച്ചതിനു പിന്നാലെതന്നെ സഞ്ജു ആരാധികയെ കാണാനെത്തിയെങ്കിലും, അതിന്റെ വിഡിയോ ഇപ്പോഴാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. സെഞ്ചറി നേട്ടത്തിന്റെ തിളക്കത്തിൽ ഗാലറിയിൽ യുവതിയെ കാണാനെത്തിയ സഞ്ജുവിനെ, ആരാധകർ പൊതിയുന്നത് ദൃശ്യങ്ങളിൽ കാണാം.