തിരുവനന്തപുരം: തിരുവനന്തപുരത്ത് വിദ്യാർത്ഥികളുമായി പോയ സ്‌കൂൾ ബസ് മറിഞ്ഞു. നഗരൂർ ഊന്നൽകല്ലിലാണ് സംഭവം. വെള്ളല്ലൂർ ഗവൺമെന്റ് എൽപിഎസിലെ സ്‌കൂൾ ബസാണ് നിയന്ത്രണം വിട്ട് പാടത്തേക്ക് മറിഞ്ഞത്. അപകടം നടക്കുമ്പോൾ 25 വിദ്യാർത്ഥികൾ ബസിൽ ഉണ്ടായിരുന്നു. മൂന്നു കുട്ടികൾക്ക് കാര്യമായ പരിക്കുണ്ട്. ബാക്കി കുട്ടികളുടെ പരിക്ക് നിസ്സാരമാണെന്നാണ് റിപ്പോർട്ട്.

രാവിലെ 9.30 ഓടെയായിരുന്നു അപകടം സംഭവിച്ചത്. കുട്ടികളെ കൂടാതെ രണ്ട് ആയമാരും ബസിൽ ഉണ്ടായിരുന്നു. ചെളി നിറഞ്ഞ റോഡിൽ പെട്ടെന്ന് ബ്രേക്കിട്ടപ്പോൾ തെന്നി വയലിലേക്ക് മറിയുകയായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. ഉടൻ തന്നെ കുട്ടികളെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി.

























