വി ഡി സതീശൻ സർക്കാരിൽ വിമർശനം; പ്രധാന വകുപ്പുകൾ മുന്നോക്ക വിഭാഗങ്ങൾക്ക് ലഭിച്ചെന്ന് ആക്ഷേപം

തിരുവനന്തപുരം: വകുപ്പുകളെ ചൊല്ലി വി ഡി സതീശൻ സർക്കാരിൽ വിമർശനം. പ്രധാന വകുപ്പുകൾ മുന്നോക്ക വിഭാഗങ്ങൾക്ക് ലഭിച്ചെന്ന് ആക്ഷേപമുണ്ട്. ആരോഗ്യ വകുപ്പ് കെ മുരളീധരന് നൽകുന്നതിൽ എ പി അനിൽകുമാറിന് അതൃപ്തിയുണ്ട്. വൈദ്യുതിക്ക് പുറമേ കായികവും പാർലമെന്ററികാര്യവും നൽകി അനുനയിപ്പിക്കാനാണ് നിലവിലെ നീക്കം. മന്ത്രി പദത്തിന് പകരം രണ്ടര വർഷം വേറെ പദവി മാണി സി കാപ്പൻ ആവശ്യപ്പെട്ടു. സത്യപ്രതിജ്ഞക്ക് പിന്നാലെ വകുപ്പ് വിഭജനം പൂർത്തിയാക്കി വിജ്ഞാപനമിറക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. എന്നാൽ, അധികാരമേറ്റ് ഒരു ദിവസം കഴിഞ്ഞിട്ടും വകുപ്പ് വിഭജനം പൂർത്തിയാക്കാനായിട്ടില്ല.

ഉന്നത വിദ്യാഭ്യാസ വകുപ്പ് കോൺഗ്രസിന് വിട്ടുകൊടുത്ത മുസ്ലിം ലീഗ് പകരം ഫിഷറീസ് വകുപ്പ് ആവശ്യപ്പെടുന്നുണ്ട്. ലീഗിന് ഫിഷറീസ് വകുപ്പ് നൽകാൻ മുഖ്യമന്ത്രി തീരുമാനമെടുത്ത ശേഷമാണ് ലത്തീൻ കത്തോലിക്കാസഭയിൽ നിന്ന് എതിർപ്പ് വരുന്നത്. ഇതാണ് വകുപ്പ് വിഭജനം പൂർത്തിയാക്കുന്നതിന് മുന്നിലുളള പ്രധാന തടസം. വൈകുന്നേരത്തിനകം തർക്കം പരിഹരിക്കാനാണ് ശ്രമം. വകുപ്പുകളിൽ തർക്കമുണ്ടെന്നും തീരുമാനം ഇന്നറിയാമെന്നും മന്ത്രി കെ മുരളീധരൻ പ്രതികരിച്ചു. ചില വകുപ്പുകളിൽ ചില മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. അത് ഇന്നത്തോടെ പരിഹരിച്ച് ഇന്ന് വൈകുന്നേരത്തോടെ വിജ്ഞാപനം വരും. ഘടകക്ഷികളുമായിട്ടുള്ള തർക്കം പരിഹരിക്കുമ്പോൾ പാർട്ടിക്കകത്ത് ചില റീ അറേഞ്ച്‌മെന്റ് നടത്തേണ്ടി വരും. ഇന്നലെ സത്യപ്രതിജ്ഞ കഴിഞ്ഞിട്ടല്ലേയുള്ളൂ – അദ്ദേഹം പറഞ്ഞു.

മന്ത്രിസഭയിലെ സീനിയർ മന്ത്രിയായ എ.പി.അനിൽ കുമാറിന് പ്രധാന വകുപ്പ് നൽകാത്തതിലും പ്രശ്‌നമുണ്ട്. വൈദ്യുതി, പാർലമെന്ററികാര്യം, സ്‌പോർട്‌സ് വകുപ്പുകളാണ് മൂന്നാം തവണ മന്ത്രിയാകുന്ന എ.പി അനിൽകുമാറിന് നീക്കിവെച്ചിരിക്കുന്നത്. തുറമുഖ വകുപ്പ് മുഖ്യമന്ത്രി കൈവശം വെച്ചിരിക്കുന്നതിൽ കെ.സി.വേണുഗോപാൽ പക്ഷത്തിന് എതിർപ്പുണ്ട്.