പണം തിരിച്ചടയ്ക്കാത്തതിന് കുടുംബശ്രീ അംഗങ്ങൾ പരാതി നൽകി, ഭർത്താവ് പണം തരുന്നില്ല; ഷൈനിയുടെ ഫോൺ സംഭാഷണം പുറത്ത്

കോട്ടയം: ഏറ്റുമാനൂരിൽ മക്കൾക്കൊപ്പം ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കിയ ഷൈനി മരണത്തിനു മുൻപു കുടുംബശ്രീ യൂണിറ്റ് പ്രസിഡന്റുമായി നടത്തിയ ഫോൺ സംഭാഷണം പുറത്ത്. കരിങ്കുന്നത്തെ കുടുംബശ്രീ യൂണിറ്റിൽ നിന്നെടുത്ത വായ്പ തിരിച്ചടക്കാൻ വഴിയില്ലെന്നും ഭർത്താവ് പണം തരാത്തതിനാലാണു തിരിച്ചടവ് മുടങ്ങിയതെന്നുമാണ് ഷൈനി ഫോണിൽ പറയുന്നത്. ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയിലാണെന്നും തൻറെ ആവശ്യത്തിന് എടുത്തതാണെങ്കിൽ ആങ്ങളമാർ അടച്ചുതീർക്കുമായിരുന്നുവെന്നും ഷൈനി പറയുന്നുണ്ട്.

സ്വന്തം ആവശ്യത്തിന് എടുത്ത വായ്പയല്ലെന്നും വിവാഹ മോചനക്കേസിൽ തീരുമാനമായ ശേഷമേ നോബി പണം തരൂവെന്നുമാണ് ഷൈനി കുടുംബശ്രീ പ്രസിഡന്റിനോട് പറയുന്നത്. തൻറെ പേരിലെടുത്ത ഇൻഷുറൻസിൻറെ പ്രീമിയം പോലും നോബി അടയ്ക്കുന്നില്ലെന്ന് ഷൈനി ഫോൺ സംഭാഷണത്തിൽ പറയുന്നുണ്ട്. വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് കുടുംബശ്രീ അംഗങ്ങൾ കരിങ്കുന്നം പൊലീസിൽ പരാതി നൽകിയിരുന്നു. പിന്നാലെ പഞ്ചായത്ത് പ്രസിഡൻറ് മധ്യസ്ഥത വഹിച്ചിരുന്നു. ഷൈനി ഇനി 1,26000 രൂപ തിരിച്ചടക്കാനുണ്ടെന്നാണ് കുടുംബശ്രീ അംഗങ്ങൾ വ്യക്തമാക്കുന്നത്.