തൃശ്ശൂർ: ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ ജാതി വിവേചനം. കഴകം പ്രവർത്തിക്ക് നിയമിതനായ ഈഴവ സമുദായത്തിൽ പെട്ട തിരുവനന്തപുരം ആര്യനാട് സ്വദേശി വി എ ബാലുവിനെ തന്ത്രിമാരുടെ സമ്മർദ്ദത്തെ തുടർന്ന് മാറ്റിനിർത്തിയതായി പരാതി. സാങ്കേതിക പ്രശ്‌നങ്ങളെ തുടർന്നാണ് മാറ്റിയത് എന്നാണ് ദേവസ്വം ബോർഡിന്റെ വിശദീകരണം.

പിന്നോക്കക്കാരനായ ബാലുവിനെ ജോലിയിൽനിന്ന് മാറ്റിനിർത്തണം എന്ന് ആവശ്യപ്പെട്ട് തന്ത്രിമാരുടെ ക്ഷേത്ര ബഹിഷ്‌കരണ സമരം നടത്തി. ക്ഷേത്രത്തിലെ ശുദ്ധ ക്രിയകളിൽ പങ്കെടുക്കാതെ തന്ത്രിമാർ മാറി നിന്നു. നടക്കാനിരിക്കുന്ന പ്രതിഷ്ഠാദിന ചടങ്ങുകളെ പ്രതിഷേധം ബാധിക്കുമെന്ന ഭയത്തിൽ ദേവസ്വം ബോർഡ് ബാലുവിനെ ഓഫീസ് അറ്റൻഡർ തസ്തികയിലേക്ക് താൽക്കാലികമായി മാറ്റിനിർത്തി. കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിന്റെ പരീക്ഷ പാസായി ലഭിച്ച നിയമനമാണ് തന്ത്രിമാരുടെ പ്രതിഷേധത്തെ തുടർന്ന് ദേവസ്വം ബോർഡ് മാറ്റിയത്. എന്നാൽ സാങ്കേതികമായ പ്രശ്‌നങ്ങളെ തുടർന്നാണ് നടപടി എന്നാണ് ദേവസ്വം ബോർഡിന്റെ വിശദീകരണം. ക്ഷേത്രത്തിൽ നേരിടുന്ന അവഹേളനവും സമ്മർദ്ദവും മൂലം വി എ ബാലു അഞ്ചുദിവസത്തെ അവധിയിൽ പ്രവേശിച്ചു.

























